Legal NewsNationalNews

16,000 കോടി ബാങ്കുകളില്‍ തിരിച്ചെത്തി; വിജയ് മല്യയുടെയും നീരവ് മോദിയുടെയും സ്വത്തുക്കള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും വൻതുക വായ്പ്പയെടുത്ത് തിരിച്ചടക്കാതെ ഒളിവില്‍ പോയ വ്യവസായികളില്‍ നിന്നും സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെൻ്റെ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരിയായ നീരവ് മോദി എന്നിവരുടേതുള്‍പ്പെടെ 16,400 കോടി രൂപയുടെ സ്വത്താണ് ഇഡി ബാങ്കുകള്‍ക്ക് കൈമാറിയത്. പണം തിരിമറി തടയല്‍ നിയമപ്രകാരം കണ്ടുകെട്ടിയ സ്വത്തുക്കളാണ് ഇവ.

സാമ്പത്തിക കുറ്റവാളിയും മദ്യ വ്യവസായിയുമായ വിജയ് മല്യ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യത്തിന് 14,131 കോടി രൂപയുടെ ആസ്തി പുനഃസ്ഥാപിച്ചു. വജ്ര വ്യാപാരിയായ നീരവ് മോദിയുടെ കേസില്‍ ഇഡി 1,052 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിൻ്റെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യത്തിന് തിരികെ നല്‍കി. നാഷണല്‍ സ്‌പോട്ട് എക്‌സേഞ്ച് ലിമിറ്റഡിൻ്റെ കേസ്. ഈ കേസില്‍ തട്ടിപ്പിനിരയായ 8433 പൊതു നിക്ഷേപകർക്ക് നഷ്ടപരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച സമിതിക്ക് ഏകദേശം 1220 കോടി രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്.

വിജയ് മല്യയും നീരവ് മോദിയുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി കുറ്റം ചുമത്തുന്നതിന് മുൻപ് തന്നെ ഇഡി സ്വത്തുക്കള്‍ പുനഃസ്ഥാപിക്കുകയായിരുന്നു. പിഎംഎല്‍എയുടെ സെക്ഷൻ 8(7) വകുപ്പ് പ്രകാരം സ്വത്തുക്കള്‍ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട കോടതികള്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ വിജയ് മല്യയെയും നീരവ് മോദിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി രൂപീകരിച്ച കള്ളപ്പണത്തെ കുറിച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ റിട്ട. ജസറ്റിസ് അരിജിത്ത് പസായത്തിൻ്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ മാസം ഭുവനേശ്വറില്‍ നടന്ന യോഗത്തിലാണ് സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച്‌ ചർച്ച ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *