News

ഒറ്റയ്ക്കനുഭവിച്ചോ….പിണറായിയെ കൈവിട്ട് മന്ത്രിമാരും !

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമാകുന്നു. ഒരുകാലത്ത് സിപിഎമ്മിൽ ശബ്ദങ്ങളൊന്നും ഉയർത്താതെ അടങ്ങിയിരുന്ന നേതാക്കളാണ് ഇപ്പോൾ പിണറായി വിജയനെതിരെ രംഗത്തെത്തുന്നത്. ഇന്ന് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളും എന്നാൽ അതിനു മറുപടി പറയാത്ത മുഖ്യന്റെ നിശബ്ദതയും തെറ്റുകാരെ സംരക്ഷിക്കുന്ന പിണറായി വിജയൻറെ നിലപാടുമാണ് നേതാക്കളെ പോലും ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നേതൃത്വത്തിൽ ആണ് പിണറായി വിരുദ്ധ ചേരി ശക്തി പ്രാപിക്കുന്നത്. അതേസമയം, ബേബി ചേരിയിലെ എടുത്തു പറയേണ്ട പ്രമുഖൻ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ആണ്.

കൂടാതെ, പി ജയരാജൻ ,കെ.കെ. ശൈലജ, സ്വരാജ് എന്നിവരും ബേബി പക്ഷത്തോടൊപ്പമുണ്ട്. അതോടൊപ്പം മന്ത്രിമാരിൽ എം.ബി രാജേഷും പി. രാജീവും ബേബി ചേരിയോട് അടുത്ത് കഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കൂടാതെ, എങ്ങോട്ട് വേണമെങ്കിലും ചായാമെന്ന അവസ്ഥയിലാണ് മുഖ്യന്റെ ചങ്കായ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇപ്പോൾ. ഇതിനിടയിൽ സി പി എമ്മിൽ പിടിമുറക്കിയതിന് പിന്നാലെയാണ് പി വി അൻവറിന്റെ വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. അൻവർ പലതും വിഴുങ്ങിയെങ്കിലും തൃശൂർ പൂരം കലക്കിയത് എ ഡി ജി പി അജിത് കുമാറാണെന്ന വെളിപ്പെടുത്തൽ വൻ കൊടുങ്കാറ്റായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

ഇതിന് പിന്നാലെയായിരുന്നു ആർ എസ് എസ് നേതാവ് ദത്താത്രേയ ഹോസബോളയെ എ ഡി ജി പി അജിത് കുമാർ സന്ദർശിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വെളിപ്പെടുത്തിയത്. പിണറായിക്ക് വേണ്ടിയാണ് ദത്താത്രേയയെ അജിത് കുമാർ കണ്ടതെന്ന് സതീശൻ തുറന്നടിച്ചെങ്കിലും പിണറായി മറുപടി പറയാതെ പതിവ് പോലെ മൗനം പൂണ്ടു. എന്നാൽ ദത്താത്രേയയെ കണ്ടെന്ന് അജിത് കുമാറും സമ്മതിച്ചതോടെ സർക്കാരും പാർട്ടിയും പ്രതിരോധത്തിലാകുകയായിരുന്നു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി ചർച്ചയായിരുന്നെങ്കിലും തൃശൂർ പൂരം കലക്കാൻ ഇരു കൂട്ടരും ശ്രമിച്ചെന്ന ആരോപണം ജനരോഷത്തിന് ഇടയാക്കുകയായിരുന്നു.

അതിനാൽ തന്നെ ഇപ്പോൾ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം, ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി. കൂടാതെ, പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂര്‍ ഒത്തുകളിവിവാദത്തില്‍ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തില്‍ പ്രതിരോധത്തിനു മുതിർന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയോടെ കാര്യങ്ങളെല്ലാം മാറി മാറിയുന്ന അവസ്ഥയിലാണ്.

എ.കെ. ബാലന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിര്‍ന്നില്ല. ആര്‍.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമര്‍ശനമുണ്ടായപ്പോള്‍ അതിലൊക്കെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പാര്‍ട്ടിയുമായി കൂട്ടിച്ചേർക്കേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദന്‍ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയില്‍വെച്ചു. ഗൗരവമുള്ള പ്രശ്‌നങ്ങളില്‍ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല. കൂടാതെ, പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകള്‍ സി.പി.എം. സൈബര്‍ ഗ്രൂപ്പുകളിലും നിറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *