KeralaNews

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

സംസ്ഥാനത്ത് ഏഴ് എസ്.പിമാരെയും രണ്ട് കമ്മീഷണര്‍മാരെയും സ്ഥലംമാറ്റി. വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനടക്കമാണ് സ്ഥലംമാറ്റം. കോഴിക്കോട് റൂറല്‍ എസ്.പി അരവിന്ദ് സുകുമാറിനെ ഇക്കണോമിക് ഒഫന്‍സ് വിങ്ങിലേക്കാണ് മാറ്റിയത്. ‘കാഫിര്‍’ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നയാളാണ് അരവിന്ദ് സുകുമാര്‍. സ്‌ക്രീന്‍ഷോട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം ഗ്രൂപ്പുകളിലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ കാഫിര്‍ എന്നു വിളിച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങിന്റെ തലേദിവസമാണ് സോഷ്യല്‍മീഡിയ ഇടത് സൈബര്‍ കേന്ദ്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

കോഴിക്കോട് റൂറലിലാണ് കാഫിര്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാറിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന്റെ എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം ഡി.സി.പി പി.നിഥിന്‍രാജിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി.

കോഴിക്കോട് പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയെ കണ്ണൂരിലേക്കു മാറ്റി. വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് പുതിയ കോഴിക്കോട് കമ്മിഷണര്‍. തപോസ് ബസുമത്താരിയാണ് പുതിയ വയനാട് എസ്പി. കോട്ടയം എസ്പി കെ.കാര്‍ത്തിക്കിനെ വിജിലന്‍സ്, ആന്റി കറപ്ഷന്‍ ബ്യൂറോ (ഹെഡ്ക്വാര്‍ട്ടേഴ്സ്) എസ്പിയായി നിയമിച്ചു. എ.ഷാഹുല്‍ ഹമീദാണ് പുതിയ കോട്ടയം എസ്പി.

ആലപ്പുഴ എസ്പി ചൈത്ര തെരേസാ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. എം.പി.മോഹന ചന്ദ്രനാണ് ആലപ്പുഴയുടെ പുതിയ എസ്പി. എറണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്പി സുജിത് ദാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. ഡി.ശില്‍പയാണ് കാസര്‍കോടിന്റെ പുതിയ പൊലീസ് മേധാവി. കോഴിക്കോട് ഡിസിപി അനുജ് പലിവാളിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായി നിയമിച്ചു. ബി.വി.വിജയ് ഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.

Leave a Reply

Your email address will not be published. Required fields are marked *