പ്രമുഖ ആശുപത്രികളെ ഒഴിവാക്കിയുള്ള മെഡിസെപ്പ് വേണ്ടെന്ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ

മെഡിസെപ്പ്: ജീവനക്കാർക്ക് പരാതിയുണ്ടെങ്കിൽ അടിച്ചേൽപ്പിക്കില്ലെന്ന് കെ.എൻ. ബാലഗോപാൽ

Medisep - Medical Insurance for state employees and pensioners

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കാനാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അതിന് പര്യാപ്തമായ സംവിധാനമോ അടിസ്ഥാന സൗകര്യങ്ങളോ വകുപ്പിന് ഇല്ല. മെഡിസെപ്പ് തുടരുന്നത് സംബന്ധിച്ച് സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അഭിമാനകരവും അതുല്യവുമായ പദ്ധതിയാണെന്ന് പറഞ്ഞ ധനമന്ത്രി, പദ്ധതി സംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും സമ്മതിച്ചു. ജീവനക്കാർക്ക് വേണമോ വേണ്ടയോ എന്ന അഭിപ്രായം പറയാം. വേണ്ടെങ്കിൽ പദ്ധതി അടിച്ചേൽപിക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

മെഡിസെപ്പ് തുടരണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം സംഘടനകളും പ്രകടിപ്പിച്ചത്. പദ്ധതി കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടെന്ന് ഭരണപക്ഷ സംഘടനകളും വലിയ പരാതികളുണ്ടെന്നും അവ പരിഹരിച്ച് പദ്ധതി തുടരണമെന്ന് പ്രതിപക്ഷ സംഘടനകളും അഭിപ്രായപ്പെട്ടു.

ഇന്നത്തെ രീതിയിൽ, സർക്കാർ വിഹിതം ഇല്ലാതെ, ആശുപത്രികളിൽ നിന്നും അവഗണന നേരിടുമ്പോഴും, പ്രമുഖ ആശുപത്രികളെ ഒഴിവാക്കിയുമുള്ള മെഡിസെപ്പ് തുടരേണ്ടതില്ലെന്നും സർക്കാരിന്റെ 75% വിഹിതം ഉൾപ്പെടുത്തി വേണം ഇൻഷുറൻസ് പദ്ധതി നടപ്പാക്കേണ്ടതെന്നും അല്ലാത്ത പക്ഷം പദ്ധതിയിൽ ചേരുന്നത് ഓപ്ഷണലാക്കണമെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

പദ്ധതി നടത്തിപ്പിൽ സർക്കാർ മാറി നിൽക്കുന്നുവെന്ന തോന്നൽ നിലനിൽക്കുന്നുവെന്ന് ജോയിന്റ് കൗൺസിൽ അഭിപ്രായപ്പെട്ടു. പദ്ധതി നടത്തിപ്പിൽ വൻ പോരായ്മകളുണ്ടെന്ന് ബഹുഭൂരിപക്ഷം സംഘടനകളും ചൂണ്ടിക്കാട്ടി. കാഷ്‌ലെസ് ചികിത്സ ലഭിക്കുന്നില്ല. ഒരു കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും അച്ഛനും അമ്മയ്ക്കും തുക അടക്കേണ്ടി വരുന്നുവെന്നും അങ്ങനെ വരുമ്പോൾ കുടുംബത്തിൽ ഒരാളിൽനിന്നു മാത്രം വിഹിതം ഈടാക്കണമെന്നും ആവശ്യമുയർന്നു.

എഫ്എസ്ഇറ്റിഒ സെക്രട്ടറി അജിത് കുമാർ, സെറ്റോ ജനറൽ കൺവീനർ അബ്ദുൾ മജീദ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ, ഫെറ്റോ ചെയർമാൻ ജയകുമാർ എസ് കെ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എംഎസ്, എപി സുനിൽ, കെസി സുബ്രഹ്‌മണ്യൻ, സദാശിവൻ നായർ, കെആർ കുറുപ്പ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments