പതിവ് നായികാ സങ്കൽപ്പങ്ങളെ തകർത്തുകൊണ്ട് മലയാള സിനിമയിലൂടെ കടന്നു വന്ന താര സുന്ദരിയാണ് സായ് പല്ലവി. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ വച്ച് സിനിമ എങ്ങനെ ഹിറ്റാക്കാമെന്ന് സായ് പല്ലവി കാണിച്ചു തന്നു. കാരണം പ്രേമം എന്ന ആദ്യ സിനിമയിലൂടെ തന്നെ സായ് പല്ലവിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നീടങ്ങോട്ട് ഹിറ്റുകളായിരുന്നു സായ് പല്ലവിയിൽ നിന്നും പിറന്നത്. മോളിവുഡ് മുതൽ അങ്ങ് ഹോളിവുഡ് വരെ ഇന്ന് നിറഞ്ഞു നിൽക്കുന്ന സായ് പല്ലവിയുടെ പത്തുവർഷത്തെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
പത്തു വർഷമായി ഒരാളുമായി പ്രണയത്തിലാണെന്നാണ് താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതിനാൽ തന്നെ ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്നായി ആരാധകരുടെയെല്ലാം തെരച്ചിൽ. എന്നാൽ ഇനിയാണ് ട്വിസ്റ്റ്. സായ് പല്ലവിയുടെ പ്രണയത്തെ കുറിച്ച് അവതാരിക ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ടെന്നും അന്ന് മുതൽ അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്നുമാണ് സായ് പല്ലവി പറഞ്ഞത്. ഇത് കേട്ട പാതി കേൾക്കാത്ത പാതി പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിൽ എന്ന തരത്തിലായിരുന്നു പിന്നാലെ വാർത്ത പ്രചരിച്ചത്.
2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രം സായ് പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന ചിത്രത്തിലും സായ് പല്ലവി അഭിനയിച്ചു. പിന്നീട് തെലുഗു ചിത്രമായ ഫിദയിൽ അഭിനയിച്ചു. എന്നാൽ, ഫിദയിലൂടെ സായ് പല്ലവിയുടെ റെയ്ഞ്ച് തന്നെ മാറുകയായിരുന്നു. പിന്നീട് തെലുഗു, തമിഴ് ചിത്രങ്ങളിലായി മികച്ച സിനിമകളിലൂടെ താരം തിളങ്ങി. ഇപ്പോൾ ബോളിവുഡിലും സായ് പല്ലവി സാന്നിധ്യമറിയിച്ചിരിക്കുകയാണ്. അതേസമയം, സായ്പല്ലവിയുടെ ഗാർഗി എന്ന തമിഴ് ചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തത്. ശിവ കാർത്തികേയനൊപ്പം അമരൻ ആണ് അടുത്ത റിലീസ്. എന്നാൽ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് ബോളിവുഡ് ചിത്രം രാമായണക്ക് വേണ്ടിയാണ്. സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയുണ്ടെങ്കിലും ലുക്ക് ടെസ്റ്റിൽ പ്രചരിച്ച ചിത്രങ്ങളെല്ലാം അതി മനോഹരമാണ്. സീതദേവി നേരിട്ടിറങ്ങി വന്ന പോലെ തോന്നിയെന്നാണ് ചിത്രം പുറത്തു വന്നതിന് പിന്നാലെ ആരാധകരുടെ അഭിപ്രായം.