ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെ വിറപ്പിച്ച് ഹൈക്കോടതി; റിപ്പോർട്ടിന്റെ പൂർണ്ണരൂപം അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം

സർക്കാറിൻറേത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമാണ്. കോടതിക്ക് നിഷ്‌ക്രിയമായി ഇരിക്കാനാകില്ല. റിപ്പോർട്ടിൽ ബലാത്സംഗം, പോക്‌സോ കേസുകൾ റജിസ്റ്റർ ചെയ്യാനുള്ള വസ്തുതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

kerala high court and hema committe

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെ വിറപ്പിച്ച് ഹൈക്കോടതി. എന്തുകൊണ്ട് റിപ്പോർട്ടിൽ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വർഷം എന്തെടുക്കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പൂർണരൂപം മുദ്രവെച്ച കവറിൽ സർക്കാർ ഹൈകോടതിയിൽ നൽകിയിരുന്നു. ഇത് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് കൈമാറാൻ ഹൈകോടതി നിർദേശം നൽകി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പൂർണരൂപം അന്വേഷണ സംഘത്തിന് ലഭിക്കുന്നതോടെ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടിവരും. നേരത്തെ, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന വാദം മുൻനിർത്തി ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്.

റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്നും വിവിധ സ്റ്റേഷനുകളിലായി 23 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നുമാണ് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ മറുപടി നൽകിയത്. സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ വേണ്ടിയാണ് സമിതിയെ നിയോഗിച്ചതെന്ന വാദം സർക്കാർ കോടതിയിലുയർത്തി. 2021ൽ റിപ്പോർട്ട് ഡി.ജി.പിക്ക് ലഭിച്ചിരുന്നതല്ലേയെന്നും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

സർക്കാറിൻറേത് അതിശയിപ്പിക്കുന്ന നിഷ്‌ക്രിയത്വമാണ്. കോടതിക്ക് നിഷ്‌ക്രിയമായി ഇരിക്കാനാകില്ല. റിപ്പോർട്ടിൽ ബലാത്സംഗം, പോക്‌സോ കേസുകൾ റജിസ്റ്റർ ചെയ്യാനുള്ള വസ്തുതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹരജി, ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹരജി, കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാത്തതിനെതിരെ മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി ഫയൽ ചെയ്ത ഹരജി തുടങ്ങിയവയാണ് ബെഞ്ച് പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുരുതെന്ന ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments