ഇംഫാൽ: മണിപ്പുരിൽ വീണ്ടും കലാപ അന്തരീക്ഷം ഉടലെടുത്തതിനെ തുടർന്ന് ഇൻറ്റർനെറ്റ് കട്ട് ചെയ്തു. അഞ്ച് ദിവസത്തേക്കാണ് ഇൻറ്റർനെറ്റ് സേവനം റദ്ദാക്കിയത്. സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് വിദ്വേഷ പ്രചരണം തടയുക എന്ന ലക്ഷ്യത്തിലാണ് ഇൻറ്റർനെറ്റ് സേവനം റദ്ദാക്കിയത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. സെപ്റ്റംബർ 10 വൈകിട്ട് മൂന്ന് മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്ന് വരെ സേവനം നിര്‍ത്തിവെക്കുന്നതായാണ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു സംഘർഷത്തിലേക്ക് കടക്കാതിരിക്കാനും വേണ്ടിയാണ് ഇൻറ്റർനെറ്റ് റദ്ദാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുക്കി – മെയ്തി വിഭാഗങ്ങൾക്കിടയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത് ഒരു വർഷത്തിലേറെ ആയിട്ടും സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച മാത്രം മണിപ്പുരിൽ 11 പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ.
കലാപകാരികൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് ചൊവാഴ്ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.