മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ 46-ാം പിറന്നാളാണിന്ന്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയ താരത്തെ യുവജനോത്സവത്തിലെ കലാതിലകം പട്ടമാണ് സിനിമയിലേക്ക് എത്തിക്കുന്നത്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവച്ച മഞ്ജു വാര്യർ 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു വാര്യർ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നാലെ നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. എന്നാൽ 14 വർഷങ്ങൾക്കു ശേഷം 2014- ൽ ഹൗ ഓൾഡ് ആർ യൂ ? എന്ന ചിത്രത്തിലൂടെയാണ് വിവാഹമോചനത്തിന് ശേഷം മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്. തിരിച്ചു വരവിന് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക കൂടിയാണ് മഞ്ജു വാര്യർ. ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. എന്നാൽ, തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നതെന്നാണ് വിവരം.
അതേസമയം, 142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തി. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം. ഇതിന് പുറമെ ഉദ്ഘാടനങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തായി വീടുകളും വസ്തുവകകളും താരത്തിന് സ്വന്തമായുണ്ട്. ആഡംബര കാറുകള്‍ക്കൊപ്പം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ബൈക്കും മഞ്ജുവിന്റെ ഗാരേജിലുണ്ട്. ഇതിന് ഏകദേശം 21 ലക്ഷം രൂപ വിലവരും.