അജ്‌മാൻ: സിപിമ്മിൻറെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് വി ഡി സതീശൻ. ഇ പി ജയരാജനോടും എഡിജിപിയോടും സിപിഎം സ്വീകരിച്ചത് വിരുദ്ധ നയങ്ങളാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പ്രകാശ് ജാവദേക്കറെ കണ്ട ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കി എന്നാൽ ആർഎസ്എസ് നേതാവിനെ കണ്ട എഡിജിപിയും കൂട്ടുനിന്ന മുഖ്യമന്ത്രിയും അതേ സ്ഥാനത്ത് തുടരുന്നു. പഴയ സിപിഎം ആണെങ്കിൽ ഇങ്ങനെയാകില്ലായിരുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു.
ഭരണകക്ഷി എംഎൽഎ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാട്ടം ഇല്ലാതെ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മൗനത്തിൻറെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നും സതീശൻ പരിഹസിച്ചു.
സിപിഎമ്മിൻ്റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം പറഞ്ഞു. എഎൻ ഷംസീർ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ലെന്നും വിഷയം ലൈവാക്കി നിർത്താനാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനിയും ഉപചാപകർ ഉണ്ടെന്നും ഈ പേരുകൾ അധികം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് ഹൈക്കോടതി ഇടപെടലോടെ തെളിഞ്ഞെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായ നിയമവശം പരിശോധിച്ചാണ് പ്രതിപക്ഷം നിലപാടെടുത്തത്. മുഖം നോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സംസ്ഥാന സർക്കാർ സ്വീകരിച്ചത് സ്ത്രീ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. അല്ലാതെ അതിന് ശേഷം വന്ന വെളിപ്പെടുത്തലുകളെ കുറിച്ചല്ലെന്നും വിഡി സതീശൻ പറഞ്ഞു.