സൈബർ കുറ്റകൃത്യങ്ങൾക്ക് വിലങ്ങിടാൻ കേന്ദ്രം: ‘സൈബർ കമാൻഡോ’സിനെ ഇറക്കും

സൈബറിടങ്ങളിലെ കുറ്റകൃത്യം തടയാൻ സൈബർ കമാൻഡോസ് പദ്ധതി ഒരുങ്ങുന്നതായി അമിത് ഷാ പ്രഖ്യാപിച്ചു.

amit sha

ന്യൂ ഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്ക് വിലങ്ങിടാൻ പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബറിടങ്ങളിലെ കുറ്റകൃത്യം തടയാൻ സൈബർ കമാൻഡോസ് പദ്ധതി ഒരുങ്ങുന്നതായി അമിത് ഷാ പ്രഖ്യാപിച്ചു. ഇതിനായി ഡാറ്റാ രജിസ്ട്രിയും സൈബർ കുറ്റകൃത്യങ്ങൾ പങ്കുവെക്കുന്നതിനുള്ള വെബ് പോർട്ടലും സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി അയ്യായിരത്തോളം സൈബർ കമാൻഡോകളെ നിയോഗിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ഭാവിയിൽ കുറ്റകൃത്യങ്ങളെ തടയാൻ പാകത്തിൽ സംശയാസ്പദമായ കാര്യങ്ങൾ പോർട്ടലിലൂടെ പങ്കുവെക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ വെച്ച് നടന്ന ഐ4സി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻററിൻറെ (സി എഫ് എം സി) ആദ്യ സ്ഥാപകദിനാഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളിലെ പരിശീലനം ലഭിച്ച പ്രത്യേക സംഘമായിരിക്കും സൈബർ കമാൻഡോ പദ്ധതിക്ക് കീഴിലുണ്ടാവുക. ഡിജിറ്റൽ ഇടം സുരക്ഷിതമാക്കാൻ സൈബർ കമാൻഡോകൾ സംസ്ഥാനങ്ങളെയും കേന്ദ്ര ഏജൻസികളെയും സഹായിക്കും. സിബിഐ, പോലീസ് അടക്കമുള്ള ഇടങ്ങളിലും പരിശീലനം ലഭിച്ച സൈബർ കമാൻഡോകളെ നിയോഗിക്കുമെന്നാണ് വിവരം.

ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ, ഐ.ടി. ഇടനിലക്കാർ, സംസ്ഥാന – കേന്ദ്രഭരണപ്രദേശങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികൾ തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് സൈബറിടങ്ങളിലെ തട്ടിപ്പുകളെ കുറച്ചു കൊണ്ടുവരാനുള്ള പദ്ധതിക്ക് സി.എഫ്.എം.സി രൂപം കൊടുക്കുമെന്നും അമിത് ഷാ പറഞ്ഞു. വിവിധ ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരേ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ്, ഹൈദരാബാദ്, മേവത്, ഛണ്ഡീഗഢ്, വിശാഖപട്ടണം, ഗുവാഹത്തി, ജാംതാര എന്നീ നഗരങ്ങളിൽ സൈബർ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments