ദില്ലിയില്‍ പടക്കത്തിന് പൂര്‍ണ വിലക്ക്; നിര്‍മിക്കാനോ വില്‍ക്കാനോ വാങ്ങാനോ പാടില്ല സർക്കാർ ഉത്തരവ്

Complete ban on firecrackers in Delhi

ദില്ലി: ദില്ലിയില്‍ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങള്‍ നിർമ്മിക്കാനും, സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും സംഭരണവും വില്‍പ്പനയും ഉപയോഗവും പൂർണമായും നിരോധിച്ചെന്നാണ് മന്ത്രി അറിയിച്ചത്. പടക്കങ്ങളുടെ ഓണ്‍ലൈൻ ഡെലിവറിക്കും വിലക്കുണ്ട്. ഈ നിരോധനം ദില്ലി പോലീസ്, ദില്ലി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവ ചേർന്ന് ഉറപ്പാക്കും. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയുക്ത പദ്ധതി തയ്യാറാക്കും.

ഉത്സവ കാലത്ത് അവസാന നിമിഷം നിരോധനം ഏർപ്പെടുത്തിയാല്‍ പടക്ക വ്യാപാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യം അറിയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിന് പകരം ദീപങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച്‌ ഉത്സവങ്ങള്‍ ആഘോഷിച്ച്‌ വായുമലിനീകരണത്തിനെതിരെ പൊരുതണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വായുമലിനീകരണം തടയാൻ ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ നിരോധനം തണുപ്പുള്ള മാസങ്ങളിലെ വായു മലിനീകരണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള 21 പോയിന്‍റ് വിന്‍റർ ആക്ഷൻ പ്ലാനിൻ്റെ ഭാഗമാണ്. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് 2017-ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതല്‍ എല്ലാ ശൈത്യകാലത്തും സർക്കാർ എല്ലാ പടക്കങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments