ശബ്ദം താഴ്ത്തി സംസാരിക്കൂ, നിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് മുന്ന് ജഡ്ജിമാരെ മാത്രമാണ്; അഭിഭാഷകന് താക്കീതുമായി ചീഫ് ജസ്റ്റിസ്

Chief Justice warned the lawyer

ഡല്‍ഹി: സുപ്രിംകോടതിയല്‍ വാദം നടക്കുന്നതിനിടെ ഉച്ചത്തിൽ ജഡ്ജിമാരെ അഭിസംബോധന ചെയ്ത് അഭിഭാഷകനെ ശകാരിച്ച് ചീഫ് ​ജസ്റ്റിസ്. കൊല്‍ക്കത്ത ആർ ജി കർ മെഡിക്കല്‍ കോളജില്‍ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിൻ്റെ വാദത്തിനിടെയാണ് സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കേസിൻ്റെ വാദത്തിനിടെ കോടതിയില്‍ ശബ്ദമുയർത്തിയതിന് കൗസ്തവ് ബാഗ്ചി എന്ന അഭിഭാഷകനെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ശകാരിച്ചത്. നിങ്ങള്‍ ജഡ്ജിമാരെയാണോ അതോ കോടതിക്ക് പുറത്തുള്ള ഗാലറിയെയാണോ അഭിസംബോധന ചെയ്യുന്നതെന്ന് ചന്ദ്രചൂഡ് അഭിഭാഷകനോട് ചോദിച്ചു.

‘കഴിഞ്ഞ രണ്ട് മണിക്കൂറായി ഞാൻ നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുന്നു. ആദ്യം നിങ്ങളുടെ ശബ്ദം താഴ്ത്താൻ കഴിയുമോ? നിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് നിങ്ങളുടെ മുമ്പിൽ ചീഫ് ജസ്റ്റിസിനെയും മറ്റ് രണ്ടു ജഡ്ജിമാരെയും മാത്രമാണ്. അല്ലാതെ വീഡിയോ കോൺഫറൻസ് വഴി കോടതി നടപടികള്‍ നിരീക്ഷിക്കുന്ന കാണികളെയല്ല ചീഫ് ജസ്റ്റിസ് പറഞ്ഞു.

വാദത്തിനിടെ ഡോക്ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധത്തില്‍ ഒരു കൂട്ടം അഭിഭാഷകർ കല്ലെറിയുന്നതിന്റെ വീഡിയോകളും ഫോട്ടോകളും എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതെല്ലാം തൻ്റെ പക്കലുണ്ടെന്നും പശ്ചിമ ബംഗാള്‍ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

ഇതിനു മറുപടിയുമായാണ് ബിജെപി നേതാവ് കൂടിയായ അഭിഭാഷകൻ കൗസ്തവ് ബാഗ്ചി രംഗത്തുവന്നത്. കബില്‍ സിബലിനെ പോലെ മുതിർന്ന അഭിഭാഷകന് എങ്ങനെയാണ് കോടതിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താൻ കഴിയുന്നതെന്ന് ബാഗ്ചി ചോദിച്ചു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന് മുന്നറിയിപ്പുമായി ചീഫ് ജസ്റ്റിസ് എത്തിയത്. പിന്നാലെ ബാഗ്ചി കോടതിയോട് മാപ്പു പറഞ്ഞു.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ. ബി പർദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുന്ന ഡോക്ടർമാരെ കുറിച്ച്‌ കോടതി പരാമർശിച്ചു. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സമയത്ത് ഡോക്ടർമാർ പ്രതിഷേധം തുടരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഡോക്ടർമാർക്കെതിരെ പശ്ചിമ ബംഗാള്‍ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അതിനെ തടയാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം തുടരുന്ന മുഴുവൻ ഡോക്ടർമാരും നാളെ വൈകിട്ട് അഞ്ചു മണിക്കകം തിരിച്ച്‌ ഡ്യൂട്ടിയില്‍ പ്രവേശിക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രതിഷേധം അവസാനിപ്പിച്ച്‌ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും സർക്കാറിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments