KeralaPolitics

ആർഎസ്എസുമായി പിണറായിയുടെ ഡീൽ; അജിത്കുമാറിനൊപ്പം സംഘപരിവാർ നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ബന്ധുവും ബിനാമിയും

തിരുവനന്തപുരം: ADGP എം ആർ. അജിത്കുമാർ RSS നേതാവ് റാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കൾ. കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാൾ. രണ്ടാമൻ പിണറായിയുടെ ബന്ധുവും പാർട്ടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണ്. കൂടിക്കാഴ്ച വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തുവിട്ടതിന് പിന്നാലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങൾ തെളിഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദൂതുമായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാര്യം ഇതുവരെ മുഖ്യമന്ത്രിയോ സിപിഎമ്മോ നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ സംരക്ഷണവും പകരം ബിജെപിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആർഎസ്എസിനും മുഖ്യമന്ത്രിക്കുമിടയിലെ ‘ഡീൽ’ എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതിരഹസ്യമാക്കി വെച്ച കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ബന്ധുവടക്കം അടുപ്പക്കാരുമുണ്ടായിരുന്നെന്ന റിപ്പോർട്ട് സി.പി.എമ്മിനെയും സർക്കാറിനെയും കൂടുതൽ പ്രതിരോധത്തിലാക്കും.

2023 ഡിസംബറിലാണ് കോവളത്തെ ഹോട്ടലിൽ എഡിജിപി എംആർ. അജിത്കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെ കണ്ടത്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം. സുഹൃത്തായ ആർഎസ്എസ് സമ്പർക്ക് പ്രമുഖ് കൈമനം ജയകുമാറിനൊപ്പമാണ് എംആർ അജിത്കുമാർ ഹോട്ടലിൽ എത്തിയത്.

ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയാണ് ജയകുമാർ. 2023 മേയിൽ തൃശൂരിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയെ എംആർ അജിത്കുമാർ സന്ദർശിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് എ.ഡി.ജി.പി തിരുവനന്തപുരത്ത് റാം മാധവിനെ കണ്ടതും പുറത്തുവന്നത്. പിന്നാലെ കൂടിക്കാഴ്ച വിവരം എ.ഡി.ജി.പി സ്ഥിരീകരിച്ചു. ആർഎസ്എസ് നേതാക്കളെ കണ്ടത് വ്യക്തിപരമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട് എംആർ അജിത്കുമാർ വിശദീകരിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x