മാളികപ്പുറം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് എന്ന് നിലയിൽ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് അഭിലാഷ് പിള്ള. മലയാളിക്ക് മറുനാടുകളിൽ അഭിമാനം നൽകിയ ചിത്രമായിരുന്നു മാളികപ്പുറം. പ്രേക്ഷകരെ ഭക്തിയുടെ പരകോടിയിലെത്തിച്ചതിന് ശേഷം പുത്തൻ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിലാഷ് പിള്ള. കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ ചരിത്രം സിനിമയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാന്താര മാതൃകയിലാകും സിനിമ നിർമിക്കുക. അതിനുള്ള ശക്തിയും സാഹചര്യവും ദൈവം നൽകിയാൽ ഇന്ത്യൻ സിനിമയ്‌ക്ക് അത്തരത്തിലൊരു ചിത്രം സമ്മാനിക്കും. കഴിഞ്ഞ രണ്ട് വർഷമായി കൊട്ടിയൂർ അമ്പലത്തിൽ തുടർച്ചയായി ദർശനം നടത്തിയെന്നും അഭിലാഷ് പിള്ള പറഞ്ഞു.
ദക്ഷിണ കാശിയെന്നാണ് കൊട്ടിയൂർ ക്ഷേത്രം അറിയപ്പെടുന്നത്. ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് പുണ്യമായാണ് ഭക്തർ കാണുന്നത്. വർഷത്തിലെ 28 ദിവസം മാത്രമാണ് അക്കരം കൊട്ടിയൂരിലേക്ക് മഹാദേവനെ ദർശിക്കാൻ വിശ്വാസികൾക്ക് അനുവാദമുള്ളൂ. ഇവിടുത്തെ പൂജകളും ആചാരങ്ങളും മറ്റൊരു ക്ഷേത്രത്തിലും നടത്തി വരുന്നില്ലെന്നതും കൊട്ടിയൂർ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
ഇന്ത്യയിൽ താടി പ്രസാദമായി ലഭിക്കുന്ന ഏക ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ. കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് താടി രൂപത്തിലുള്ള ഓണപ്പൂവ് പ്രസാദമായി ലഭിക്കുന്നു. ഈ താടി പൂവിനെ ഐശ്വര്യത്തിൻ്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഇത് ഐശ്വര്യത്തിനായി തൂക്കിയിടുന്നു.