തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള വിതരണം തടസപ്പെട്ടിട്ട് നാല് ദിവസം. ഇന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കില്ല. പുലർച്ചെ തുടങ്ങിയ പമ്പിങ് ലീക്ക് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ചു. വാൽവിൽ കണ്ടെത്തിയ ലീക്കിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്. സെക്രട്ടേറിയേറ്റ് ഉൾപ്പെടെ നിരവധിപ്പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഉള്ള തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം തടസപ്പെടുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഞായർ ഉച്ചയ്ക്ക് മുൻപ് തന്നെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ശനിയാഴ്ച നൽകിയ ഉറപ്പ്. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം സാധാരണ ഗതിയിൽ ആകുമെന്നാണ് ജല അതോറിറ്റി അറിയിച്ചത്. എന്നാൽ ഇന്ന് കൂടി അറ്റകുറ്റ പണികൾ നീളുന്നതോടെ ജനം നന്നേ ബുദ്ധിമുട്ടിലാകും.
തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്. എന്നാൽ ഇതിന് എത്ര ദിവസം വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ, മന്ത്രി നൽകിയ ഉറപ്പ് പാലിക്കാനോ വകുപ്പിന് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നത്തിൻറെ ഭാഗമായി നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്നാണ് നിലവിലെ കുടിവെള്ള വിതരണ പ്രതിസന്ധി. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.