ന്യു ഡൽഹി: ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നൽകിയിരുന്ന സബ്‌സിഡി നിർത്തലാക്കുമെന്ന സൂചന നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൽ ഗഡ്കരി. ഇന്ത്യയിൽ വൈദ്യുത വാഹന വിപണിയുടെ തുടക്കത്തിൽ നിർമ്മാണ ചെലവ് കൂടുതലായിരുന്നു. ഇതാണ് സബ്‌സിഡി നല്കാൻ കാരണം. ഇപ്പോൾ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നിര്‍മാണച്ചെലവ് ഗണ്യമായി കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും സബ്‌സിഡി നല്‍കുന്നത് അനാവശ്യമാണെന്നും ഗഡ്കരി പറഞ്ഞു. ബ്ലൂംബെര്‍ഗ് എന്‍.ഇ.എഫ്. സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉപഭോക്താക്കള്‍ സ്വന്തംനിലയില്‍ വൈദ്യുത – സി.എന്‍.ജി. വാഹനങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയെന്നും വൈദ്യുതവാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ വാഹനങ്ങളെക്കാള്‍ കുറഞ്ഞ ജി.എസ്.ടി.യാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറയുന്നത് വൈദ്യുതവാഹനങ്ങളുടെ നിര്‍മാണച്ചെലവ് ഇനിയും കുറയ്ക്കും. രണ്ടുവര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍, വൈദ്യുതവാഹനങ്ങളുടെ വില ഏറെക്കുറെ തുല്യമാകുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ലിഥിയം അയണ്‍ ബാറ്ററികളുടെ കൂടുതലായിരുന്നതിനാലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കിയിരുന്നത്. എന്നാല്‍, ലി-യണ്‍ ബാറ്ററികളുടെ വില കിലോവാട്ടിന് 150 ഡോളറില്‍ നിന്ന് 107 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, അഞ്ചോളം കമ്പനികള്‍ ലി-യണ്‍ ബാറ്ററികള്‍ നിര്‍മിക്കാനും തുടങ്ങി. രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും വില കുറഞ്ഞ് 90 ഡോളറിലേക്ക് എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു.