ദക്ഷിണേന്ത്യ വരൾച്ചയുടെ പിടിയിൽ; ഇന്ത്യയിലെ കാലാവസ്ഥ മാറിമറിയുന്നു

South Indian drought

ന്യൂഡൽഹി: രാജ്യത്ത് വൻ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട്. വെള്ളപ്പൊക്ക സാധ്യത നിലനിന്നിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് വരൾച്ച അനുഭവിക്കുകയാണ്. മറ്റ് ചില സംസ്ഥാനങ്ങൾ തിരിച്ചും പ്രതിസന്ധി നേരിടുകയാണ്. ഐപിഇ ഗ്ലോബൽ, എസ്രി-ഇന്ത്യ എന്നിവയുടെ പഠന റിപ്പോർട്ടിലാണ് ഇന്ത്യയുടെ മാറുന്ന കാലാവസ്ഥയെ കുറിച്ച് പറയുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ​ഗുജറാത്തിലെ 80 ശതമാനത്തോളം ജില്ലകളിൽ വെള്ളപ്പൊക്കവും പ്രളയ കെടുതിയും വർദ്ധിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലും ക്രമരഹിതമായ മഴയും, ​ഓം പർവതത്തിലെ മഞ്ഞുപാളികൾ അപ്രത്യക്ഷമായത്, മേഘവിസ്ഫോടനം തുടങ്ങിയവ കാലാവസ്ഥ വ്യതിയാനത്തിൻ്റെ സൂചനകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വരൾച്ച രൂക്ഷമാവുകയാണ്. ഉഷ്ണതരം​​ഗ ദിവസങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനയാണ് ഇതിനുള്ള പ്രധാന കാരണമായി പറയുന്നത്. വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്ന 149 ജില്ലകൾ ഇന്ന് വരൾച്ച ഭീഷണിയിലാണ്. വരൾച്ച നേരിട്ടിരുന്ന 110 സംസ്ഥാനങ്ങളാണ് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേന്ത്യയിലാണ് വരൾച്ച വർദ്ധിക്കുന്നത്, പ്രത്യേകിച്ചും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ. 85 ശതമാനത്തോളം ജില്ലകൾ വെള്ളപ്പൊക്കം, വരൽച്ച, ചുഴലി, ഉഷ്ണതംരം​ഗ ഭീഷണി നേരിടുന്നവയാണ്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ സമീപകാല കണക്കുകൾ പ്രകാരം ജൂണിൽ മൺസൂൺ മഴ കുറഞ്ഞു. സെപ്റ്റംബറിൽ മഴ കനക്കുമെന്നാണ് പ്രവചനം. മൺസൂൺ മാസങ്ങളിൽ ഉയരുന്ന താപനിലയും കിഴക്കൻ ഇന്ത്യയിൽ വരണ്ട ദിവസങ്ങളുടെ എണ്ണം കൂടുന്നതുമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ 0.6 ഡി​ഗ്രി സെൽഷ്യസ് താപനില ഉയർന്നതാണ് 10-ൽ 9 ഇന്ത്യക്കാരെയും തീവ്ര കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയരാക്കുന്നത്. ബിഹാർ, ആന്ധ്രാപ്രദേശ്, ഒഡിഷ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിലെ 60 ശതമാനം ജില്ലകൾ ഒന്നിലധികം കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയമാകുന്നുവെന്നാണ് ഐപിഇ ​ഗ്ലോബലിൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. 2036-ഓടെ 1.47 ബില്യണിലധികം ഇന്ത്യക്കാരാകും കാലാവസ്ഥ വ്യതിയാനത്തിന് വിധേയരാവുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments