KeralaNationalNews

ഇന്ത്യൻ സൈന്യത്തിന് വാഹനങ്ങള്‍ സമ്മാനിച്ച്‌; റെനോ ഇന്ത്യ

ഇന്ത്യൻ സൈന്യത്തിൻ്റെ ഉപയോഗത്തിനായി വാഹനങ്ങള്‍ സമ്മാനിച്ച്‌ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ റെനോ ഇന്ത്യ.റെനോയുടെ വാഹനനിരയിലെ മികച്ച മോഡലുകളായ കൈഗർ, ക്വിഡ്, ട്രൈബർ എന്നീ മോഡലുകളാണ് സൈന്യത്തിനായി നല്‍കിയിരിക്കുന്നത്. ഇന്ത്യൻ ആർമി നോർത്തേണ്‍ കമൻ്റർ 14 കോർപ്സിനാണ് റെനോ ഈ വാഹനങ്ങള്‍ സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്നവരുടെ ക്ഷേമം ഞങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്.

ഈ വാഹനങ്ങള്‍ ആർമിയുടെ 14 കോർപ്സ് നോർത്തേണ്‍ കമൻ്ററിൻ്റെ യാത്രസൗകര്യങ്ങളും കാര്യക്ഷമതയും വർധിപ്പിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്ന് റെനോ ഇന്ത്യ സെയില്‍സ് ആൻഡ് മാർക്കറ്റിങ്ങ് മേധാവി സുധീർ മല്‍ഹോത്ര അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതിനൊപ്പം അവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള റെനോ ഇന്ത്യയുടെ നന്ദിയും കടപ്പാടുമാണ് ഈ വാഹനങ്ങള്‍ സമ്മാനിക്കുന്നതിലൂടെ അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വാഹനങ്ങളാണ് റെനോ ഇന്ത്യയുടെ വാഹനശ്രേണിയില്‍ ഉള്ളത്. ഈ മൂന്ന് മോഡലുകളും അവർ സൈന്യത്തിന് നല്‍കിയിട്ടുണ്ട്. കോംപാക്‌ട് എസ്.യു.വി. മോഡലായ റെനോ കൈഗർ, എൻട്രി ലെവല്‍ എം.പി.വിയായ ട്രൈബർ, ഹാച്ച്‌ബാക്ക് പതിപ്പായ ക്വിഡ് എന്നിവയാണ് ഈ മോഡലുകള്‍. ഫീച്ചർ സമ്പന്നമായ ക്വിഡിൻ്റെ ആർ.എക്സ്.എല്‍ ഓപ്ഷണല്‍ പതിപ്പാണ് സൈന്യത്തിനായി നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍. 4.69 ലക്ഷം രൂപയിലാണ് ഈ വാഹനത്തിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയിലെ മികച്ച ഫാമിലി വാഹനങ്ങളില്‍ ഒ ന്നായാണ് ട്രൈബർ കണക്കാക്കുന്നത്. എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനത്തില്‍ അത്യാവശ്യ ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ സീറ്റ് ആംറെസ്റ്റ്, ഏഴ് ഇഞ്ച് ടി.എഫ്.ടി. ഇൻസ്ട്രുമെൻറ് ക്ലെസ്റ്റർ, വയർലെസ് ചാർജർ, പവർ ഫോള്‍ഡ് ഒ.ആർ.വി.എമ്മുകള്‍ തുടങ്ങിയവ അടിസ്ഥാന ഫീച്ചറുകളാണ്. ഏറ്റവും കുറഞ്ഞ വിലയുള്ള എം.പി.വിയായ ട്രൈബറിന് 5.99 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്‌ട് എസ്.യു.വി. ശ്രേണിയിലാണ് റെനോ കൈഗർ എത്തുന്നത്. അടിസ്ഥാന മോഡലുകളില്‍ ഉള്‍പ്പെടെ ഓട്ടോഫോള്‍ഡ് ഒ.ആർ.വി.എം, ഓട്ടോ ഡിം ഐ.ആർ.വി.എം. തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനത്തിന് ടർബോചാർജ്ഡ് എൻജിനും കരുത്തേകുന്നുണ്ട്. കുറഞ്ഞ വിലയില്‍ സ്വന്തമാക്കാൻ സാധിക്കുന്ന എസ്.യു.വി. എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *