മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സൃഷ്‌ടാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ‘മാക്ട’ (മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തക സംഘം)യുടെ പരമോന്നത ബഹുമതിയായ ‘ലെജൻഡ് ഹോണർ’ പുരസ്‌കാരം മുപ്പതാം വാർഷികാഘോഷ ചടങ്ങിൽ ഏറ്റുവാങ്ങി.
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശ്രീകുമാരൻ തമ്പി ദൃശ്യകലകളിലെ സൃഷ്ട്ടാവിന്റെയും അവതാരകന്മാരുടെയും പങ്കിനെക്കുറിച്ച് തന്റെ നിലപാട് തുറന്നുപറഞ്ഞു. “ജീവിതത്തിൽ ഒരു അഭിനേതാവിന്റെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇനി തലകുനിക്കില്ലെന്നും” അദ്ദേഹം പറയുകയുണ്ടായി.
ദൃശ്യകലകളിൽ അതിന്റെ സൃഷ്‌ടാവ് ആണ് എപ്പോഴും മുകളിൽ. അവതരിപ്പിക്കുന്നവർ സൃഷ്‌ടാവിന് താഴെയാണ്. പക്ഷേ, സൃഷ്‌ടാക്കൾക്ക് പലപ്പോഴും അപകർഷതാബോധമുണ്ട്. അതുകൊണ്ടാണ് അവതരിപ്പിക്കുന്നവരുടെ പിന്നാലെ നടക്കുന്നതും കാല് തിരുമ്മുന്നതും എന്നും അദ്ദേഹം പറഞ്ഞു.
സൃഷ്ട്ടാക്കൾ ആരുമല്ല എന്നും അവതരിപ്പിക്കുന്നവർ മാത്രമാണ് പ്രധാനപ്പെട്ടവർ എന്നുമുള്ള തെറ്റായ ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്.
സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി ചലച്ചിത്രരംഗത്തെ മഹാനായ രചയിതാക്കൾക്കുള്ളതാണെന്നും എം.ടി.യും ലോഹിതദാസും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ഉണർത്തി.