News

പൂരം കലക്കിയവര്‍ തന്നെ അതിൻറെ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവിടും: വി ഡി സതീശൻ

പത്തനംതിട്ട: പൂരം കലക്കിയവർ തന്നെ അതിൻറെ റിപ്പോർട്ട് എങ്ങനെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഞായറാഴ്ച പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചത്. ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമാണെന്നും സതീശൻ പരിഹസിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ത് സ്വകാര്യ കാര്യം പറയാനാണ് ആർ എസ് എസ് നേതാവിനെ സന്ദർശിക്കുന്നതെന്നും സതീശൻ ചോദിച്ചു. കൃത്യമായ ബോധ്യത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ആരോപണം ഉന്നയിക്കുന്നത് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിട്ടിയ വിവരം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ആരോപണം ഉന്നയിച്ചത്.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്, അവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഇപ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ് എന്നും സതീശൻ പരിഹസിച്ചു.

ന്യൂനപക്ഷ അവകാശങ്ങള്‍ പാടില്ലെന്നും അതില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ട ആര്‍.എസ്.എസ് നേതാവാണ് ദത്താത്രേയ ഹൊസബല. അങ്ങനെയുള്ള ആളെ കാണാനാണ് മുഖ്യമന്ത്രി തന്റെ ദൂതനായി എ.ഡി.ജി.പിയെ വിട്ടത്. ഇതോടെ സി.പി.എം പറയുന്ന മതേതരത്വത്തില്‍ ഒരു ആത്മാർത്ഥതയുമില്ലെന്ന് വ്യക്തമായി.

മറ്റു പല ബി.ജെ.പി നേതാക്കളെയും എ.ഡി.ജി.പി കണ്ട വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നിരിക്കുന്നത്. ഇതിൻറെ തുടര്‍ച്ചയാണ് തൃശൂരില്‍ ബി.ജെ.പിക്കുണ്ടായ അട്ടിമറി വിജയവും. സി.പി.എം- ബി.ജെ.പി ബാന്ധവം ഉണ്ടെന്നത് ആര്‍.എസ്.എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്. അതിനു ശേഷമാണ് ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ മുഖത്തു നോക്കി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഉത്തരമില്ലാതെ തല കുനിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ദൂതന്‍മാരെ അയച്ച് ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതും അവര്‍ക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കുന്നതും. കൊടകര കുഴപ്പണ ഇടപാടില്‍ നിന്നും കെ സുരേന്ദ്രനെ രക്ഷപ്പെടുത്തിയതും ഇതേ രീതിയിലാണ്. പരസ്പരം പുറംചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്നും കേസിൻറെ പേരില്‍ ഞങ്ങളെ ഉപദ്രവിക്കരുതെന്നുമാണ് എ.ഡി.ജി.പി മുഖേന മുഖ്യമന്ത്രി അറിയിച്ചത്. അതിൻറെ തുടര്‍ച്ചയായാണ് പൂരം കലക്കിയത്.

കമ്മിഷണര്‍ അഴിഞ്ഞാടിയെന്നും അയാളെ നീക്കിയെന്നുമാണ് സര്‍ക്കാരും സി.പി.എമ്മും പറഞ്ഞത്. തൃശൂരില്‍ കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എ.ഡി.ജി.പി സ്ഥലത്തുണ്ട്. പൂരം അവര്‍ തന്നെ കലത്തിയതിന്റെ റിപ്പോര്‍ട്ട് എങ്ങനെ പുറത്തുവിടും. മുഖ്യമന്ത്രിയും കമ്മിഷണറെ വിളിക്കാന്‍ തയാറിയല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ പൂരം കലക്കിയെന്നു വിളിച്ചത്. പൂരം കലക്കുകയെന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്ലാനായിരുന്നു.

പൊലീസിനെ ഉപയോഗിച്ച് സിപിഎമ്മും ബിജെപിയും ആ പ്ലാന്‍ നടപ്പാക്കി. വിശ്വാസം, ആചാരം, ഹിന്ദു എന്നൊക്കെ പറയുന്ന ബി.ജെ.പിയാണ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി ഉത്സവം കലക്കാന്‍ കൂട്ടുനിന്നത്. ഉത്സവം കലക്കുന്ന ഇവര്‍ ഹിന്ദുക്കളെയാണ് അവഹേളിച്ചത്. ഇവരൊക്കെയാണ് ഹിന്ദുത്വത്തെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നത്. ഇവരുടെയൊക്കെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്.

സി.പി.എം നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ വിശ്വസ്തനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അയച്ചത്. താന്‍ അറിയാതെയാണ് ഉദ്യോഗസ്ഥന്‍ പോയതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും പിറ്റേ ദിവസം മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞല്ലോ. എന്നിട്ടും വിശദീകരണം ചോദിക്കാനോ നടപടി എടുക്കാനോ തയാറായോ? ഡി.ജി.പിക്കും എ.ഡി.ജി.പിക്കുമൊക്കെ ഇഷ്ടാനുസരണം ആളുകളെ കാണാന്‍ സാധിക്കുമോ? ലീവ് എടുത്താണോ അതോ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണോ എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്? തുടങ്ങിയ വിഷയങ്ങൾ അന്വേഷിക്കണമെന്നും. മുഖ്യമന്ത്രി ജനങ്ങളെയാണ് വിഢികളാക്കാൻ ശ്രമിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പത്തനംതിട്ട റാന്നിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *