ഗുരുവായൂരില്‍ കല്യാണത്തിരക്കിൻ്റെ പുതിയൊരു ചരിത്രദിനമാകുകയാണ് ഞായറാഴ്ച. പുലർച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്.
മണ്ഡപങ്ങളെല്ലാം ശനിയാഴ്ച രാത്രി തന്നെ സജ്ജീകരിച്ചു. വിവാഹകാർമികരായ ആറു കോയ്മമാരും മംഗളവാദ്യ-നാഗസ്വര സംഘങ്ങളും ഞായറാഴ്ച നേരത്തേ തയ്യാറായി. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രനടയില്‍ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും. പോലീസുകാരെ ശനിയാഴ്ച രാത്രിതന്നെ പലയിടങ്ങളിലായി വിന്യസിച്ചു. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ വൈകിട്ട് ഗുരുവായൂരിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. പോലീസുകാർക്ക് എ.സി.പി. ടി.പി. സിനോജ് ആവശ്യമായ നിർദേശങ്ങള്‍ നല്‍കി. സി.ഐ.മാരായ പ്രേമാനന്ദകൃഷ്ണനും ജി. അജയ്കുമാറും എ.സി.പി.ക്കൊപ്പമുണ്ടായി.
നഗരത്തിലെ 90 ലോഡ്ജുകളിലെ വിവാഹ ഹാളുകളില്‍ വിവാഹസത്കാരം നടക്കുന്നുണ്ട്. അതുകൊണ്ട് അത്രയും ലോഡ്ജുകള്‍ക്കു മുൻപിലും തിരക്കുണ്ടാകുമെന്നതിനാല്‍ അവിടെയും പോലീസുകാരെ വിന്യസിച്ചു.