ന്യൂഡൽഹി: ഫൈസാബാദ് മണ്ഡലത്തിലെ തോൽവിക്കുപിന്നാലെ ബി.ജെ.പി. പ്രാദേശിക ഘടകത്തിൽ പരസ്യ പോര്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോൽവി ബിജെപിക്ക് കനത്ത പ്രഹരമാണ് നൽകിയത്. പരാജയപ്പെട്ട ബി.ജെ.പി. മുൻ എം.പി. ലല്ലുസിങ് കഴിഞ്ഞ ദിവസം ജില്ലാ നേതാവിനോട് കലഹിച്ച് പത്രസമ്മേളനം ഇടയ്ക്കുവച്ച് നിർത്തി ഇറങ്ങിപ്പോയി. സമാജ്‌വാദി പാർട്ടി എം.പി. അവധേഷ് പ്രസാദിനോട് തോറ്റ സ്ഥാനാർത്ഥിയാണ് ലല്ലുസിങ്.
ക്രിമിനലുകൾക്കൊപ്പം വേദി പങ്കിടാനില്ലെന്ന് പറഞ്ഞാണ് ലല്ലുസിങ് വേദി വിട്ടത്. ബിജെപി ജില്ലാ നേതാവ് ശിവേന്ദ്രസിങ് വേദിയിലേക്ക് വന്നതോടെയാണ് ലല്ലുസിങ് വേദി വിട്ടത്. ക്രിമിനൽ പശ്ചാത്തലമുള്ള ചില നേതാക്കൾ വേദിയിലേക്ക് കടന്നുവന്നതിനാലാണ് താൻ വേദി വിട്ടത് എന്നും അവർക്കൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്നും ലല്ലുസിങ് വ്യക്തമാക്കി.
പാർട്ടിയിൽ അച്ചടക്കം പ്രധാനമാണെന്നും അതില്ലാതായാൽ വലിയ വില നൽകേണ്ടി വരുമെന്നും ലല്ലുസിങ് പ്രതികരിച്ചു. ബിജെപി പ്രാദേശിക ഘടകത്തിലെ സ്വരചേർച്ച ഇല്ലായ്മയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.
അതേസമയം, ദീർഘനാളുകളായി ലല്ലുസിങ്ങിനുവേണ്ടി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ആളാണെന്നും, ഇപ്പോഴെങ്ങനെയാണ് താൻ അദ്ദേഹത്തിന് അനഭിമതനായതെന്നും ശിവേന്ദ്രസിങ് ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, ഭരണഘടന തിരുത്തുമെന്ന ലല്ലുസിങ്ങിന്റെ പരാമർശമാണ് അദ്ദേഹത്തിന്റെ തോൽവിക്ക് കാരണമെന്ന് ശിവേന്ദ്രസിങ് തിരിച്ചടിച്ചു.