തിരുവനന്തപുരം : മെഡിസെപ്പ് പദ്ധതി ഇനിയും തുടരേണ്ടതുണ്ടോയെന്ന് ആലോചിക്കാൻ സംഘടനകളുടെ യോഗം വിളിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർവീസ് സംഘടനകളുടെ യോഗം സെക്രട്ടറിയേറ്റ് അനക്സ് – 2 വിലെ ശ്രുതി ഹാളിൽ വച്ച് ഈ മാസം 10 നാണ് നടക്കുക. ഒരു സർവീസ് സംഘടനയിൽ നിന്ന് ഒരാൾ മാത്രമേ പങ്കെടുക്കാവൂ എന്ന് ധനവകുപ്പ് സർവീസ് സംഘടനകൾക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നിരവധി പരാതികളാണ് മെഡിസെപ്പിനെതിരെ ഉയരുന്നത്. മെഡിസെപ്പ് പദ്ധതിയിൽ കോടികളുടെ ലാഭമാണ് ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചത്. 2023- 24 ൽ പ്രിമിയം ഇനത്തിൽ 623 കോടി ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചപ്പോൾ ക്ലെയിം ആയി കൊടുത്തത് 548 കോടി മാത്രമാണ്. 75 കോടിയുടെ ലാഭം 2023 – 2024 സാമ്പത്തിക വർഷം ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ചു. വ്യാപകമായി ക്ലെയിമുകൾ വെട്ടിക്കുറച്ചാണ് ഇൻഷുറൻസ് കമ്പനി ലാഭം നേടിയത്.
3 വർഷത്തേക്കാണ് സർക്കാർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ കാലാവധി 2025 ജൂൺ 30 ന് അവസാനിക്കും. അതേസമയം, അലോപ്പതി ചികിൽസ മാത്രമാണ് നിലവിൽ മെഡിസെപ്പിൽ ഉള്ളത്. ആയുർവേദത്തിനും, ഹോമിയോക്കും മെഡിസെപ്പിൽ അയിത്തം ആണ്. മാതാപിതാക്കളെ ആശ്രിതരായി ഉൾപ്പെടുത്തുന്ന ജീവനക്കാരിൽ നിന്നും കൂടുതൽ പ്രീമിയം തുക ഈടാക്കാനും നീക്കമുണ്ട്.