ഐഫോൺ 16 ലോകമെമ്പാടും ഒമ്പതാം തീയതി പുറത്തിറങ്ങാനിരിക്കുകയാണ്. എന്തായിരിക്കും പുതിയ ഫോണിൽ ഉണ്ടാകുക എന്ന ആകാംക്ഷയിലാണ് എല്ലാ ഐഫോൺ പ്രേമികളും. ഇപ്പോൾത്തന്നെ നിരവധി പേരാണ് പ്രീ ബുക്കിംഗ് ചെയ്യാനായി കാത്തിരിക്കുന്നത്. ഇങ്ങനെയിരിക്കെ ഐഫോൺ എന്തുകൊണ്ട് ചൈനയിൽ മാത്രം കൂടുതലായി ഉത്പ്പാദിപ്പിപ്പിക്കുന്നു എന്നതിനുള്ള ഉത്തരം നൽകുകയാണ് ആപ്പിൾ സിഇഒ ടിം കുക്ക്.
ചൈനയിൽ നിർമാണങ്ങൾ കേന്ദ്രീകരിക്കാന്‍ കമ്പനി തീരുമാനിച്ചത് കുറഞ്ഞ തൊഴിൽ ചെലവ് കാരണം മാത്രമല്ലെന്നും അത് തൊഴിൽ നൈപുണ്യം കൂടി കണക്കാക്കിയാണെന്നും ടിം കുക്ക് പറയുന്നു. വൈവിധ്യമായ തൊഴിൽ നൈപുണ്യമുളള ആളുകൾ ചൈനയിൽ ഉണ്ട്. അവരെല്ലാം ഒരു കുടക്കീഴിൽ ഉണ്ട് എന്നതും ചൈനയിൽ ഒരനുകൂല ഘടകമാണെന്ന് ടിം കുക്ക് പറയുന്നു. ഒരു ഉദാഹരണം കൂടി ടിം കുക്ക് പറയുന്നുണ്ട്. ‘ യുഎസിൽ ഇത്തരത്തിൽ ടൂളിങ് എൻജിനീയർമാരുടെ മാത്രം ഒരു മീറ്റിംഗ് വിളിച്ചാൽ ഒരു റൂമിനുള്ള ആള് പോലും ഉണ്ടാകില്ല. പക്ഷേ ചൈനയിൽ അങ്ങനെയല്ല, നിങ്ങൾക്ക് ഒരുപാട് ഫുട്ബോൾ മൈതാനങ്ങൾ നിറയ്ക്കാനുള്ള ആളുകളെ കിട്ടും’ – ടിം കുക്ക് പറയുന്നു.
എന്നാൽ സമീപകാലത്ത് ഇന്ത്യയിലും ഐഫോണിൻ്റെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശ്രീ പെരുമ്പത്തൂരിലുള്ള ഫാക്ടറിയിൽ ഐഫോൺ 15 നിർമിച്ചിരുന്നു. ഇപ്പോൾ ഐഫോൺ പ്ലസ് മോഡലുകളും ലോഞ്ചിന് ശേഷം തമിഴ്‌നാട്ടിൽ നിർമിക്കുമെന്ന് വിവരങ്ങളുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഐഫോണുകളുടെ വിലയിൽ കുറവുണ്ടാകാനിടയുണ്ട്.
അതേസമയം, ഐഫോണിൻ്റെ പുതിയ പതിപ്പ് പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അവയുടെ വില എന്താകുമെന്ന ആകാംഷയിലും കൂടിയാണ് ഐഫോൺ പ്രേമികൾ. ഐഫോൺ 16 മോഡലിന് അമേരിക്കയിൽ ഏകദേശം $799 അതായത് 67,100 രൂപയാകും വില. ഐഫോൺ 16 പ്ലസിന് $899, ഏകദേശം 75,500 രൂപയായിരിക്കും വില. ഐഫോൺ പ്രോയിന് $1,099 ( 92,300 രൂപ ) പ്രോ മാക്സിന് $1,199 ( ഏകദേശം 1,00,700) എന്നിങ്ങനെയാണ് വിലയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയിൽ ഈ വിലയ്ക്ക് കിട്ടുമെങ്കിലും ഇന്ത്യയിലെത്തിമ്പോൾ ഇറക്കുമതി തീരുവ, നികുതി തുടങ്ങിയ നിരവധി കാരണങ്ങളാൽ വില പിന്നെയും കൂടും. ഐഫോൺ 15 പ്രൊ അടക്കമുള്ള വലിയ മോഡലുകൾപോലും 1,35,000 രൂപയ്ക്കായാണ് ഇന്ത്യയിൽ വിറ്റുപോയെന്നിരിക്കെ, 16 മോഡലുകളുടെ വില എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ