CinemaNews

ഹേമ കമ്മിറ്റി എഫക്ട്: ബോളിവുഡിൽ നിന്നും ദുരനുഭവം വെളിപ്പെടുത്തി ശിൽപ്പ ഷിൻഡെ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ സിനിമയിലെ പീഡനങ്ങൾ അറിഞ്ഞ് പുറംലോകം ഞെട്ടിയിരിക്കുകയാണ്. നിരവധി സ്ത്രീകളാണ് തങ്ങൾ സിനിമയിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. ആരും പ്രതീക്ഷിക്കാത്ത പല നടന്മാരും സംവിധായകരും വേട്ടക്കാരുടെ പട്ടികയിൽ ഇടം നേടി.

മോളിവുഡിൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കോളിവുഡിലും, ബോളിവുഡിലും സമാന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു എന്നത് ശ്രദ്ധേയമാണ്.
തെലുങ്ക് സിനിമയിലെ സ്ത്രീ പ്രവര്ത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ട് മാതൃകയിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അത്രിക്രമം അന്വേഷിക്കാൻ കമ്മിറ്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ചലച്ചിത്ര വ്യവസായങ്ങളിലെ കാസ്റ്റിംഗ് കൗച്ച് ചൂഷണം നേരിട്ട അനുഭവം പങ്കുവച്ചുകൊണ്ട്, രംഗത്തെത്തിയ താരം ശിൽപ്പ ഷിൻഡെയാണ്. ഒരു ബോളിവുഡ് സംവിധായകനിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമം ആണ് അവർ പങ്കുവെച്ചത്.

1998-99 കാലഘട്ടത്തിൽ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് ശിൽപ്പ ഷിൻഡെ തുറന്നുപറഞ്ഞു. “അതായിരുന്നു എന്റെ ഏറ്റവും വലിയ കഷ്ടപ്പാടുകളുടെ കാലം. ഓഡിഷനുകൾക്കിടെ ‘ഈ വസ്ത്രം ധരിച്ചു ഈ സീൻ ചെയ്യുക’ എന്നായിരുന്നു നിർദേശം. അന്ന് ഞാൻ നിഷ്ക്കളങ്കയായിരുന്നത് കൊണ്ട്, ആ സീൻ ചെയ്‌തെങ്കിലും, ആ നടനും നിർമ്മാതാവും ആയിരുന്ന അയാൾ എന്നെ ലൈംഗികമായി അതിക്രമിക്കാനുള്ള ശ്രമം നടത്തി,” ശിൽപ്പ ഷിൻഡെ വെളിപ്പെടുത്തുന്നു.

“എനിക്കിത് ഒരിക്കലും മറക്കാനാവില്ല,” “നീണ്ട നാളത്തെ നിശബ്ദതയ്ക്ക് ശേഷം ഇത്തരം അനുഭവങ്ങൾ വെളിപ്പെടുത്താൻ ആലോചിക്കുന്നവർ ഏറെപ്പേരുണ്ട്. ചിലർ, എന്നെപ്പോലെ, ഓടിപ്പോകും. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണ്, ഇനിയും കാണാക്കഥകൾ പുറത്ത് വരും,” ശിൽപ്പ ഷിൻഡെ പറയുന്നു.

രജനികാന്ത് വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല ഈ മൗനം വേട്ടക്കാർക്ക് നൽകുന്ന പിന്തുണയക്ക് സമാനമാണ് എന്നും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ അഭിസംബോധന ചെയ്യാൻ സിനിമാ മേഖല തയ്യാറാകണം എന്നും രാധിക ശരത് കുമാർ ഇതിനോട് പ്രതികരിച്ചു.

അതേസമയം തമിഴ് നടൻ വിശാലിനെ പോലെ ചില പുരുഷ താരങ്ങൾ തങ്ങളുടെ മേഖലയിൽ ഇത്തരത്തിൽ യാതൊരു ചൂഷണവും ഇല്ലെന്ന വാദവും ഉയർത്തി.

ഈ വെളിപ്പെടുത്തലുകൾ ചലച്ചിത്ര മേഖലയിലെ യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്നതായി കരുതപ്പെടുന്നു, പുതിയ തലമുറക്ക് ഒരു മുന്നറിയിപ്പായും മാറ്റത്തിനുള്ള സാധ്യതയുമായി.

Leave a Reply

Your email address will not be published. Required fields are marked *