തിരുവനന്തപുരം: സിനിമയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യവേതനം ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പശ്ചാത്തലത്തിൽ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നിർമ്മാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് കത്ത് നല്‍കിയതെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്. ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും പരിഗണിച്ചാണ് നടീനടന്മാർക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി ശുപാര്‍ശ ബാലിശമാണ് എന്നും സംഘടന പറയുന്നു.
വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിൻറെ വിവേചനാധികാരമാണെന്നും പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയിലുണ്ടെന്നും കത്തിൽ പറയുന്നു.
സിനിമയുടെ കഥ കഥാപാത്രം എന്നിവയിൽ സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശയും നടക്കില്ലെന്നാണ് സംഘടനയുടെ വാദം. ഇത് പരിഹാസ്യമാണെന്നും ഇത്തരം നിര്‍ദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തില്‍ ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റിയിൽ സിനിമയിൽ പരിചയം ഉള്ളവരെ കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നും കത്തിൽ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ കത്തിലൂടെ വ്യക്തമാക്കുന്നു.