കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഉന്നതാധികാര സമിതി പരിശോധിക്കും. 13,000 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ 1000 കോടിയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയ ജുഡീഷ്യൽ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട പ്രതികൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തുടർനടപടികൾ എടുക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ടെന്നാണ് വിവരം
കോവിഡ് കാലത്ത് വിവിധ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ അപ്രത്യക്ഷമായിരുന്നു. 45 രൂപ വിലയുള്ള മാസ്ക് 485 രൂപയ്ക്ക് വാങ്ങിയതും 10,000 കിടക്കകൾക്ക് 20,000 രൂപ വാടക നൽകിയതും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ആദ്യമായി ഉയർന്നത്. ഭൂമി കൈമാറ്റക്കേസ് ഉൾപ്പെടെ ഉയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ ബിജെപി നേതൃത്വത്തിന് അന്വേഷണം തിരിച്ചടിയാകാം. അതേസമയം, രാഷ്ട്രീയ പകവീട്ടലാണ് നടക്കുന്നതെന്ന് യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആരോപിച്ചു.