NationalNews

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെയ്പ്പിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: മെയ്തെയ്-കുക്കി സംഘർഷം തുടരുന്ന മണിപ്പൂരിൽ ഇന്ന് രാവിലെയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാമിലാണ് സംഘര്‍ഷമുണ്ടായത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വെടിവെയ്പ്പിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒറ്റയ്ക്ക് കഴിയുകയായിരുന്നയാളെ അയാളുടെ വീട്ടിൽ കയറിയാണ് ഉറങ്ങുന്നതിനിടെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ വെടിവെപ്പ് തുടങ്ങി. ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് സംഘർഷം തുടരുന്നത്.

സായുധ സംഘങ്ങൾ സ്ഫോടകവസ്തുക്കൾ നിറച്ച് ഡ്രോണുകൾ ഉപയോ​ഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഉയരത്തിൽ പറത്തി ബോംബുകൾ വർഷിക്കാൻ കഴിയുന്ന അത്യാധുനിക ഡ്രോണുകളാണ് ഇവരുടെ പക്കലുള്ളത്. ഡ്രോണുപയോ​ഗിച്ച് ബോംബ് വർഷിച്ചുകൊണ്ടുള്ള ആക്രമണത്തിൽ സെപ്റ്റംബർ ഒന്നിന് ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സംഘർഷ ബാധിത മേഖലയിൽ കരസേന വ്യോമ നിരീക്ഷണം നടത്തുകയാണ്.

സെപ്റ്റംബർ ഒന്നിന് മെയ്തെയ് ഗ്രാമങ്ങളിലുണ്ടായ കുക്കി സംഘത്തിൻ്റെ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ഇൻഫാൽ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെടിവയ്പ്പ് ബോംബ് സ്ഫോടനവും ഉണ്ടായത്. വെസ്റ്റ് ഇംഫാൽ-കാംങ്പോക്പി ജില്ലകൾ തമ്മിലുള്ള അതിർത്തി പ്രദേശത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഘർഷം. ഇംഫാൽ വെസ്റ്റിൽ മെയ്തേയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്, കാങ്പോക്പിയിൽ കുക്കി ഭൂരിപക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *