തിരുവനന്തപുരം : രഞ്ജിത്ത് നല്ല മനുഷ്യനാണെന്നും മോഹൻലാൽ അമ്മ പ്രസിഡന്റായി തിരിച്ചു വരണമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. രാജിവച്ച ഉടനെ രഞ്ജിത്തിനെ ഫോണിൽ വിളിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന ടൈമിങ് നോക്കി ആരോപണവുമായി വന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് രഞ്ജിത്ത് തന്നോട് പറഞ്ഞതായി പ്രേംകുമാർ വെളിപ്പെടുത്തി.
മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ഒരു ആരോപണവും ഇല്ല. അതു കൊണ്ട് തന്നെ മോഹൻലാലൊക്കെ രാജിവച്ച സ്ഥാനങ്ങളിലേക്ക് തിരികെ വരണമെന്നും പ്രേംകുമാർ പറഞ്ഞു. കുറ്റ ആരോപിതർ മാറി നിന്നത് നല്ല മാതൃകയാണ്. ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചത് അതുകൊണ്ട് തന്നെ സ്വാഗതം ചെയ്യുന്നുവെന്നും പ്രേംകുമാർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. നടിമാര്‍ക്ക് ധൈര്യപൂര്‍വം തങ്ങളുടെ തിക്താനുഭവങ്ങള്‍ തുറന്നുപറയാനുള്ള വേദി ഒരുക്കി കൊടുത്തുവെന്നതാണ് സര്‍ക്കാര്‍ ചെയ്ത വലിയ കാര്യം. ഇതിനെക്കാള്‍ വലിയ പ്രശ്‌നങ്ങളുള്ള പല സംസ്ഥാനങ്ങളിലും കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. ഇവിടെ റിപ്പോര്‍ട്ട് വരാന്‍ വൈകിപോയി എന്നാണ് ആക്ഷേപം. പ്രേക്ഷകരുടെ പൈസ കൊണ്ടാണ് സിനിമാ വ്യവസായം നിലനില്‍ക്കുന്നത്. അതുകൊണ്ട് അവിടെ നടക്കുന്നതൊക്കെ അറിയാനുള്ള അവകാശം ഇവിടത്തെ പ്രേക്ഷകനുമുണ്ട്. സര്‍ക്കാരിനു മുന്നിലുണ്ടായിരുന്ന ചില തടസങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകാന്‍ കാരണമെന്നും പ്രേം കുമാർ പറയുന്നു.