ന്യൂഡൽഹി: വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിനായക ചതുർത്ഥി ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം നൽകുന്ന ഈ ദിവസത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. ഐക്യത്തിൻ്റെയും അറിവിൻ്റെയും പ്രതീകം കൂടിയാണ് ഇന്ന്. സമാധാനപരവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കാൻ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും വിനായക ചതുർത്ഥി ദിനത്തിൽ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് ആശംസകൾ നേർന്നു. അറിവിൻ്റെയും ഐശ്വര്യത്തിൻ്റയും പ്രതീകമായ ഭഗവാൻ ഗണേശൻ, ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ കുടിയിരിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ വിനായകൻ നമ്മെ പ്രചോദിപ്പിക്കുന്നു.
സ്നേഹം, സാഹോദര്യം, ഐക്യം എന്നിവയിലൂടെ എല്ലാ പ്രശ്നങ്ങളും വെല്ലുവിളികളും നമുക്ക് തരണം ചെയ്യാൻ സാധിക്കും. സമാധാനവും സന്തോഷവും നൽകി ഗണേശൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ജഗ്ദീപ് ധൻകർ എക്സിൽ കുറിച്ചു.