വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അമിക്വസ് ക്യൂറിയുടെ പ്രസ്തുത റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ, അടുത്ത അഞ്ച് വർഷത്തേക്ക് വയനാട്ടിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെന്നും, വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശങ്ങളാണെന്നും വ്യക്തമാക്കിയിരുന്നു.
മുന്നറിയിപ്പുകൾ ലഭ്യമായിരുന്നിട്ടും അവഗണിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെടുത്തിയ പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായ മുന്നറിയിപ്പുകൾ നല്‍കാനോ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതയെ കണക്കിലെടുക്കാനോ ആയില്ലെന്നും, ദുരന്തനിവാരണത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കപ്പെടാത്തത് വലിയ ദുരന്തത്തിനിടയാക്കിയതായും അമിക്വസ് ക്യൂറി പറയുന്നു.
ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള വേണ്ട പര്യാപ്ത സംവിധാനങ്ങൾ ഇല്ലായിരുന്നതിനാൽ, ദുരന്തത്തിന്റെ വ്യാപ്തിയും ആളപായവും വളരെയധികം ഉയർന്നുവെന്ന് റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.