
അമിത ജോലിഭാരവും ഉറക്കമില്ലായ്മയും മോശം ഡയറ്റും ആശുപത്രിക്കിടക്കയിലാക്കി; 25കാരൻ്റെ കുറിപ്പ് വൈറല്‍
ഐ.ടി മേഖലയില്‍ കഠിനാധ്വാനം കൊണ്ട് വിജയകരമായ കരിയർ കെട്ടിപ്പടുത്ത വ്യക്തിയാണ് കൃതാർഥ് മിത്തല്‍. സോഫ്റ്റ് വെയർ ഡെവലപ്പറും സോഷല്‍സ് സ്ഥാപകനുമാണ് ഈ 25കാരൻ. എന്നാല്‍ ഈ നേട്ടത്തിന് അദ്ദേഹത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു. കഠിനാധ്വാനിയായ കൃതാർഥ് രാവ് പകലാക്കിയാണ് തൻ്റെ സ്വപ്നങ്ങള്‍ പൂവണിയിച്ചത്. അതോടെ ഉറക്കമില്ലായ്മ ശീലമായി. ഡയറ്റ് നിത്യജീവിതത്തില്‍ നിന്ന് അകന്നുപോയി. വിശ്രമമില്ലാത്ത ജീവിതം അധികം വൈകാതെ ഇദ്ദേഹത്തെ രോഗക്കിടക്കയിലാക്കി മാറ്റുകയും ചെയ്തു.
സത്യത്തില്‍ കോളജ് കാലം തൊട്ടേ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടങ്ങിയിരുന്നു കൃതാർഥ്. വളരുംതോറും അദ്ദേഹത്തിൻ്റെ ശാരീരിക ക്ഷമതയും നഷ്ടമായിത്തുടങ്ങി. ശരീരം ഓരോരോ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങിയപ്പോഴൊക്കെ അവഗണിച്ചു. ആരോഗ്യം നഷ്ടപ്പെടുത്തിയിട്ടാണ് വലിയ വിജയം നേടിയതെന്ന തിരിച്ചറിവാണ് കൃതാർഥ് കുറിപ്പില്‍ പങ്കുവെക്കുന്നത്. ചെന്നൈയിലെ എസ്.ആർ.എം യൂനിവേഴ്സിറ്റിയില്‍ നിന്ന് 2020ലാണ് കൃതാർഥ് കംപ്യൂട്ടർ സയൻസില്‍ ബിരുദം നേടിയത്.
ഒരിക്കലും ഉറക്കം നഷ്ടപ്പെടുത്തരുത്, കൃത്യമായ ഭക്ഷണചിട്ടയും ഉണ്ടായിരിക്കണം.- ടെക് കമ്മ്യൂണിറ്റിക്ക് നല്‍കാനുള്ള ഉപദേശവും അതാണ്. പലരും പോസ്റ്റിന് പ്രതികരണമായി സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് പങ്കുവെച്ചത്.
ജോലിയെ പോലെ പ്രധാനമാണ് വിശ്രമമെന്നും ശരീരം നല്‍കുന്ന ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും ചിലർ കുറിച്ചു. രാത്രി 10 മണിക്കു ശേഷവും പുലർച്ചെയും താൻ ഫോണില്‍ സംസാരിക്കുന്നത് നിർത്തിയെന്നാണ് ഒരാള്‍ പങ്കുവെച്ചത്.
ഹോസ്പിറ്റലില്‍ കിടക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് കൃതാർഥ് കുറിപ്പിട്ടത്. രണ്ടുദിവസമായി ആശുപത്രിയിലാണെന്നും ഇപ്പോള്‍ ആശ്വാസം തോന്നുന്നുവെന്നും തൻ്റെ ജീവിത രീതി അടിമുടി മാറ്റിപ്പണിയേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി. ജിമ്മില്‍ പോകുന്നത് ശീലമാക്കണം, ജീവിത ശൈലിയില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരണം എന്നൊക്കെ പദ്ധതികളുണ്ടെങ്കിലും ഇത് പ്രായോഗികമാക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും കൃതാർഥ് സമ്മതിക്കുന്നുമുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്ത് കൊണ്ടുപോവുക എന്നതാണ് ടെക് സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. നിരന്തരമായുള്ള ശരീര വേദനയും ശരീരത്തിലെ ഇരുണ്ട വലയങ്ങളുമായിരുന്നു ആരോഗ്യം മോശമാവുകയാണെന്ന് ശരീരം കാണിച്ചു തന്ന സിഗ്നലുകള്‍ എന്നും കൃതാർഥ് പറയുന്നു.