പിണറായി ‘പൂരം കലക്കി’ എന്നറിയപ്പെടും; വി ഡി സതീശൻ

തൃശൂർ പൂരം കലക്കിയ മുഖ്യമന്ത്രി ഇനി 'പൂരം കലക്കി' വിജയൻ എന്ന് അറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ്.

pinarayi and vd satheshan

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ മുഖ്യമന്ത്രി ഇനി ‘പൂരം കലക്കി’ വിജയൻ എന്ന് അറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ്. ബിജെപിക്ക് വേണ്ടിയാണ് അജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പൂരം കലക്കിയത് എന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മാർച്ചിനിടെ നടത്തിയ പ്രസംഗത്തിലാണ് സതീശൻ കടുത്ത ഭാഷയിൽ മുഖ്യനെ വിമർശിച്ചത്. ആളിക്കത്തുന്ന ജനവികാരത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ എരിഞ്ഞ് അടങ്ങുമെന്നും, സി.പി.എമ്മിനെ കേരളത്തില്‍ കുഴിച്ചു മൂടി വാഴ വച്ചിട്ടേ പിണറായി വിജയന്‍ പോകൂ എന്നും അദ്ദേഹം പറഞ്ഞു.

മേലാളന്മാരെ സുഖിപ്പിക്കാൻ അമിതാധികാരം പ്രയോഗിക്കുന്ന പൊലീസുകാരെ വെറുതെ വിടില്ലെന്ന താക്കീതും അദ്ദേഹം നൽകി. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ നടത്തിയ പൊലീസ് മർദനം സൂചിപ്പിച്ചായിരുന്നു പ്രതിപക്ഷ നേതാവിൻറെ മുന്നറിയിപ്പ്.

ഈ രീതിയിൽ കുറച്ച് നാളുകൂടി ഭരിച്ചാൽ സെക്രട്ടറിയേറ്റ് വരെ ഇവരൊക്കെ കൂടി വീട്ടിൽ കൊണ്ടുപോകും. നേരത്തെ ഇടയ്ക്കിടെ പത്രസമ്മേളനം നടത്തിയിരുന്ന മുഖ്യൻ ഇപ്പോൾ പേടിച്ച് മിണ്ടാതെ ഇരിപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. ഇത്രയധികം ഗുരുതരമായ ആരോപണങ്ങൾ ഭരണപക്ഷ എം എൽ എ തന്നെ ഉന്നയിച്ചിട്ടും പ്രതികരിക്കാത്ത മുഖ്യൻ ഭീരുവാണ്. മുഖ്യമന്ത്രിയുടെ ഈ മൗനം തന്നെ കുറ്റസമ്മതമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു. നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. കേരളം ഭരിക്കുന്നത് സര്‍ക്കാരാണോ അതോ മാഫിയ സംഘമാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നത് സ്വര്‍ണക്കള്ളക്കടത്ത് ആരോപണമായിരുന്നു. ആ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നൂറ് ദിവസം ജയിലില്‍ കിടന്നു. മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സ്വര്‍ണക്കള്ളക്കടത്തിൻറെ കേന്ദ്രമെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെ പിണറായി ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ കേന്ദ്ര സര്‍ക്കാരുമായും ബി.ജെ.പിയുമായും അവിഹിത ബാന്ധവമുണ്ടാക്കി. അതിന്റെ ബലത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടരുന്നത് സതീശൻ പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നില്‍ക്കുന്നുവെന്നാണ് ഭരണപക്ഷ എം എൽ എ ഉയർത്തിയ ആരോപണം. കസ്റ്റംസ് ഏരിയയില്‍ നിന്നും നിയമവിരുദ്ധമായി പൊലീസ് സ്വര്‍ണം പിടിച്ച് മറ്റൊരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് ആ സ്വര്‍ണത്തില്‍ നിന്നും മുക്കാല്‍ ഭാഗവും അടിച്ചുമാറ്റി കാല്‍ ഭാഗം മാത്രം കേസെടുക്കുന്നതിന് വേണ്ടി കസ്റ്റംസിന് കൈമാറുന്നു. സ്വര്‍ണക്കള്ളക്കടത്തിൻറെ ഭാഗമായി എ.ഡി.ജി.പിയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും അറിവോടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. കൊല്ലപ്പെട്ട മാമിയുടെ ഭാര്യയും അന്വേഷണ ഉദ്യോഗസ്ഥനും സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിറച്ചു നില്‍ക്കുകയാണ്. ആ കൊലപാതകത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും ബന്ധമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അന്വേഷണത്തിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എ.ഡി.ജി.പി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉയർത്തിക്കാട്ടി. ബി.ജെ.പിക്ക് തൃശൂരില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന ചർച്ചയാണ് പിണറായിക്ക് വേണ്ടി എ.ഡി.ജി.പി നടത്തിയത്. അതിന് പകരമായി കേസില്‍പ്പെടുത്തരുതെന്ന ആവശ്യവും മുന്നോട്ടു വച്ചു അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ വലിയ സമരമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ,മുന്നറിയിപ്പ് നൽകി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments