സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ കുടിവെള്ളം ഉൾപ്പെടെ ജലവിതരണം മുടങ്ങി. ഇന്ന് രാവിലെ മുതൽ സെക്രട്ടറിയേറ്റിൽ ഒരുതരത്തിലുള്ള വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു ഉദ്യോഗസ്ഥരും മന്ത്രിമാരും വിവിധ ആവശ്യങ്ങൾക്കായി എത്തിയ ജനങ്ങളും. ശുചിമുറികളിലോ കാൻറീനിലോ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.
സെക്രട്ടറിയേറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സമ്പൂർണ്ണമായും ജലവിതരണം മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാതായതോടെ പലരും സമീപത്തുള്ള ഹോട്ടലുകളെയാണ് ആശ്രയിച്ചത്. എങ്കിലും സെക്രട്ടറിയേറ്റിന്റെ പരിസരത്ത് പോലും പോകാൻ ആകാത്ത വിധം ദുർഗന്ധം ആണുള്ളതെന്ന് ജീവനക്കാർ പറയുന്നു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർക്കാർ സ്ഥാപനത്തിൽ ജലവിതരണം മുടങ്ങിയിട്ടും അതിന് ബദൽ സംവിധാനം ഏർപ്പെടുത്താൻ ആയില്ല എന്നുള്ളത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. പ്ലംബിംഗ് പണികൾക്ക് വേണ്ടിയാണ് ജലവിതരണം മുടക്കിയതെന്നാണ് അറിയുന്നത്. എന്നാൽ ഇതിന സംവിധാനം ഏർപ്പെടുത്താൻ സാധിക്കാത്ത സർക്കാർ നടപടി ജനങ്ങളെ ഒന്നാകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.