ലോകത്തിലെ തന്നെ മികച്ച പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിൻ്റെ ഏറ്റവും മികച്ച 20 ആഗോള എംബിഎ പ്രോഗ്രാമുകളിൽ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകളും. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് (ഐഎസ്‌ബി), ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെൻ്റ് (ഐഐഎം) അഹമ്മദാബാദ് എന്നിവയാണ് ഇടംപിടിച്ചത്.
ലിങ്ക്ഡ്ഇൻ ന്യൂസ് ഇന്ത്യ പുറത്തിറക്കിയ പട്ടിക പ്രകാരം ഐഎസ്ബി ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഐഐഎം അഹമ്മദാബാദ് 19-ാം സ്ഥാനത്തുമാണ്. പൂർവ വിദ്യാർത്ഥികളുടെ കരിയർ ഉൾപ്പടെ അഞ്ച് കാര്യങ്ങൾ വിശകലനം ചെയ്താണ് ലിങ്ക്ഡ്ഇൻ റാങ്കിംഗ് നടത്തുന്നത്.
2019- 2023 കാലഘട്ടത്തിൽ പഠനം കഴിഞ്ഞിറങ്ങുന്ന അതേ വർഷം തന്നെ ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം, നിയമനം ലഭിക്കുന്നവരുടെ എണ്ണം, പൂർവ വിദ്യാർത്ഥികൾ ഡയറക്ടർ അല്ലെങ്കിൽ വിപി ലെവൽ ലീഡർഷിപ്പ് റോളുകളിൽ എത്ര വേഗത്തിലെത്തി, പ്രമോഷൻ നിരക്ക്, ഒരേ വർഷം പഠിച്ചവർ തമ്മിലുള്ള സഹകരണം, സൗഹൃദം, സംരംഭകരായവരുടെ കണക്ക്, പഠനത്തിന് ശേഷമുള്ള സംരംഭകത്വ അനുഭവങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർദ്ദേശിക്കുന്നത്.
AACSB അല്ലെങ്കിൽ Equis-ൻ്റെ അംഗീകാരമുള്ള, ഫുൾ ടൈം പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന ബി-സ്കൂളുകൾക്ക് ലിങ്ക്ഡ് ഇൻ റാങ്കിംഗിൽ പങ്കെടുക്കാം. കുറഞ്ഞത് 1,500 പൂർവ വിദ്യാർത്ഥികൾ ഉണ്ടാവണം. 2019-23 കാലഘട്ടത്തിൽ 400 പേരെങ്കിലും ഉണ്ടാകണം.ഈ പ്ലാറ്റ്‌ഫോം പ്രാഥമികമായി പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിനും കരിയർ ഡെവലപ്‌മെൻ്റിനും ഉപയോഗിക്കുന്നു, കൂടാതെ തൊഴിലന്വേഷകരെ അവരുടെ സിവികൾ പോസ്റ്റുചെയ്യാനും തൊഴിലുടമകൾക്ക് ജോലികൾ പോസ്റ്റുചെയ്യാനും അനുവദിക്കുന്നു.
കേവലം ബിരുദം എന്നതിനപ്പുറം നേതൃത്വം, പ്രശ്നപരിഹാരം, നൈപുണ്യ വികസനം എന്നിവയ്‌ക്ക് എംബിഎ പഠനം വഴിയൊരുക്കുന്നുവെന്ന് ലിങ്ക്ഡ്ഇൻ ന്യൂസ് ഇന്ത്യയിലെ സീനിയർ മാനേജിംഗ് എഡിറ്ററും കരിയർ എക്‌സ്‌പെർട്ടറുമായ നിരജിത ബാനർജി പറഞ്ഞു. നേതൃപരമായ റോളുകൾ, പുതിയ വ്യവസായങ്ങൾ പര്യവേക്ഷണം ചെയ്യുക, സ്വന്തമായി ബിസിനസ് തുടങ്ങുക എന്നിവയ്‌ക്കും മെച്ചപ്പെട്ട കരിയർ ആഗ്രഹിക്കുന്നവർക്കും എംബിഎ മികച്ച ഓപ്ഷനാണെന്നും അവർ കൂട്ടിച്ചേർത്തു.
ലിങ്ക്ഡ്ഇൻ പട്ടിക പ്രകാരം ഏറ്റവും മികച്ച 20 ആഗോള ബിസിനസ് സ്‌കൂളുകൾ താഴെ പറയുന്നവയാണ്.
- സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി
- ഇൻസീഡ്
- ഹാർവാർഡ് യൂണിവേഴ്സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ
- മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
- ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്
- നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി
- ഡാർട്ട്മൗത്ത് കോളേജ്
- കൊളംബിയ യൂണിവേഴ്സിറ്റി
- ചിക്കാഗോ യൂണിവേഴ്സിറ്റി
- ലണ്ടൻ യൂണിവേഴ്സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ
- ഡ്യൂക്ക് യൂണിവേഴ്സിറ്റി
- WHU
- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
- യേൽ യൂണിവേഴ്സിറ്റി
- കോർണൽ യൂണിവേഴ്സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദ്
- നവാര സർവകലാശാല