മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉന്നതർക്കെതിരെയുള്ള പീഡനപരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ”ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്കിളെന്ന് വിളിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ബലാത്സംഗക്കെസില്‍ പ്രതിയാകാന്‍ പോകുകയാണ്. പിണറായി വിജയന്‍ രാജിവെച്ച് പുറത്തുപോകണമെന്നും കെ സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോള്‍ എസ്പി മുഖ്യമന്ത്രിയെ വിളിക്കുന്നത് അങ്കിളെന്നാണ്, എന്ത് നാടാണിത്. തന്റെ അങ്കിളാണ് മുഖ്യമന്ത്രി, പരാതി പറയാന്‍ പോയാല്‍ വെറുതെ വിടില്ലെന്നാണ് ആ സ്ത്രീയോട് പറയുന്നത്. ശരിക്കും തരിച്ചിരുന്നാണ് വാര്‍ത്ത കേട്ടത്. തന്റെ ഓര്‍മ്മയിലോ അറിവിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി അറിയില്ലെന്ന് പറഞ്ഞാല്‍ എന്തിനാണ് ഒരു മുഖ്യമന്ത്രി. മുഖ്യമന്ത്രി ബധിരനോ കുരുടനോ ആണോ? മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം’, സുധാകരന്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പ്രതികരിച്ചു.
പിണറായി വിജയന്‍ സംസ്ഥാനത്തെ ഭരിക്കാന്‍ അയോഗ്യനാണെന്നും, തന്റെ കുടുംബത്തേയും പൊലീസുകാരെയും മാത്രം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സ്ഥാനം രാജിവച്ച് പുറത്തുപോകണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
ചക്കിക്കൊത്ത ചങ്കരന്‍ എന്ന് പറയുന്നതുപോലെ മുഖ്യമന്ത്രിക്ക് പറ്റിയ പൊലീസുകാരാണ് ഇവിടെയുള്ളത്. മുഖ്യമന്ത്രിയെ അടിച്ചു പുറത്താക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ടുവരണം. അങ്ങനെ ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു.