ഇന്ത്യയിലെ ജനാധിപത്യ തെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നു എന്ന് റിപ്പബ്ലിക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമി അവകാശപ്പെടുന്നു. ബംഗ്ലാദേശില്‍ നടന്ന രാഷ്ട്രീയ കലാപത്തിന് പിന്നില്‍ അമേരിക്കയുടെയും ചൈനയുടെയും ഗൂഢാലോചനയുണ്ടെന്നാണ് അര്‍ണാബിന്റെ വാദം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയോട് സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് സൈനിക കേന്ദ്രമായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതിന് വഴങ്ങാത്തത്, കലാപത്തിനുള്ള കാരണം എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ബംഗ്ലാദേശ് കലാപത്തിന് പിന്നില്‍ അമേരിക്കയുടെ വിരലടയാളം ഉടനീളം ഉണ്ടെന്ന് അര്‍ണാബ് ഗോസ്വാമി വാദിച്ചു. അവരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്ത സര്‍ക്കാരുകളെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെയും ചൈനയുടെയും ലക്ഷ്യമാണെന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നു.
വൈകാതെ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അമേരിക്കയും ചൈനയും താഴെ വീഴ്‌ത്തും. അതിനുവേണ്ടി കലാപങ്ങള്‍ക്ക് വട്ടം കൂട്ടുകയാണ് അമേരിക്കയും ചൈനയും. ഇത് ബംഗ്ലാദേശിന്റെ മാത്രമാണെന്ന് കരുതി ആരും വിഡ്ഡികളാകരുത്. ഇന്ത്യയിലും സമാന ഗൂഢാലോചനകള്‍ നടക്കുന്നതായി അര്‍ണാബ് ഗോസ്വാമി അഭിപ്രായപ്പെട്ടു. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളും കര്‍ഷക സമരങ്ങളും ഇതിന്റെ ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഭരണകൂട വിരുദ്ധ കലാപങ്ങള്‍ ഉണ്ടാക്കും” എന്നും അര്‍ണാബ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യ-മിഡില്‍ ഈസ്റ്റ് സാമ്പത്തിക ഇടനാഴി ജി20യില്‍ ഇന്ത്യ പ്രഖ്യാപിച്ചതോടെ ചൈനയ്‌ക്ക് ഷോക്കായി. അന്ന് രാത്രിയാണ് ചൈനയും ഇറാനും ചേര്‍ന്ന് ഹമാസ് സഹായത്തോടെ ഇസ്രയേല്‍ ആക്രമണം നടത്തി മധ്യേഷ്യയെ അസ്ഥിരപ്പെടുത്തിയത്. ഇന്ത്യയുടെ രാഷ്‌ട്രീയ, സമൂഹ്യ മേഖലകളില്‍ ചൈന നുഴഞ്ഞുകയറിയിരിക്കുകയാണ്. ചെറിയ രാജ്യങ്ങിലെ ഭരണം ആഭ്യന്തരകലാപങ്ങള്‍ നടത്തി അട്ടിമറിക്കുക എന്നത് ചൈനയുടെയും അമേരിക്കയുടെയും ശൈലിയാണ്. ഇലക്ഷന്‍ കമ്മീഷനെ വിശ്വസിക്കരുതെന്നും വോട്ടിംഗ് യന്ത്രങ്ങളെ വിശ്വസിക്കരുതെന്നും ഉള്ള പ്രചാരണം പ്രതിപക്ഷനേതാക്കള്‍ അഴിച്ചുവിട്ടത് ഇതിന്റെ ഭാഗമായാണ്. – അര്‍ണാബ് പറയുന്നു.