മേഘങ്ങള്‍ കളമെഴുതുന്ന ഇലവിഴാപൂഞ്ചിറ

മുട്ടം: പ്രകൃതിഭംഗി കൊണ്ട് കേരളത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും കിട പിടിക്കുമെങ്കിലും കാര്യമായി വികസനം വന്നിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം, ഇടുക്കി ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ.

സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ഇവിടെ നിന്ന് നോക്കിയാല്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നീ ആറു ജില്ലകള്‍ കാണാനാകും. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഇതാണത്രെ ‘ഇലവീഴാപൂഞ്ചിറ’ എന്ന പേരു പതിയാൻ കാരണം. ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമ ഹിറ്റായ ശേഷം ഈ സ്ഥലം തേടിവരുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എപ്പോഴും നൂലുപോലെ മഴപെയ്തു നില്‍ക്കുന്ന പൂഞ്ചിറയുടെ താഴ്‌വരയെ കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് എന്നീ മലകള്‍ ചുറ്റി നില്‍ക്കുന്നു. മലയുടെ ഒരു വശത്ത് ഗുഹയുമുണ്ട്. ഡി.ടി.പി.സിയുടെ ചെറിയ റിസോര്‍ട്ടും പൂഞ്ചിറയിലുണ്ട്. മലമുകളിലെ ഈ റിസോര്‍ട്ടിലിരുന്നുള്ള താഴ്‌വര കാഴ്ചകള്‍ വിവരണാതീതം. തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി സമ്മാനിക്കുന്നു. മലമുകളില്‍ നിന്നുള്ള സൂര്യോദയത്തിന്‍റെയും അസ്തമയത്തിന്‍റെയും കാഴ്ചകള്‍ വിസ്മയകരമാണ്.

ഇലവീഴാപൂഞ്ചിറയിലെ ട്രക്കിങ്ങും ആനന്ദകരമായ അനുഭവമാണ്. അധികം വിനോദസഞ്ചാരികള്‍ എത്താത്തതിനാല്‍ ശാന്തമായ അന്തരീക്ഷമാണ് പൂഞ്ചിറയില്‍. തൊടുപുഴയില്‍ നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. കൂടാതെ കാഞ്ഞാറില്‍ നിന്നും കൂവപ്പള്ളി ചക്കിക്കാവ് വഴി 9 കിലോമീറ്റർ സഞ്ചരിച്ചും എത്താം. കോട്ടയം ജില്ലയില്‍ നിന്ന് 55 കിലോമീറ്റര്‍ താണ്ടി വേണം ഇലവീഴാപൂഞ്ചിറയില്‍ എത്താൻ.

ഇതിഹാസത്തിലെ പൂഞ്ചിറ

ഇലവീഴാപൂഞ്ചിറ എന്ന പേരിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. പാണ്ഡവർ വനവാസകാലത്ത് ഇവിടെ വസിച്ചതായാണ് ഐതിഹ്യം. ഭീമൻ പാഞ്ചാലിക്കായി നിർമിച്ച കുളത്തില്‍ സ്ഥിരമായി നീരാടാൻ എത്തിയിരുന്നുപോലും. പാഞ്ചാലിയുടെ നീരാട്ട് കണ്ട ചില ദേവന്മാരുടെ മനസ്സ് ഇളകി. ഇത് മനസ്സിലാക്കിയ ദേവൻമാരുടെ രാജാവായ ഇന്ദ്രൻ തടാകത്തിന് മറയായി നിർമിച്ചതാണ് കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് മലകള്‍ എന്നാണ് ഐതിഹ്യം.

അസൗകര്യങ്ങളില്‍ വലഞ്ഞ് സഞ്ചാരികള്‍

ദിനംപ്രതി നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇലവീഴാപൂഞ്ചിറ അസൗകര്യങ്ങളുടെ നടുവിലാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയില്‍ നിന്നും ആധുനികരീതിയില്‍ ടാറിങ് പൂർത്തിയായതോടെ നിരവധി വിനോദസഞ്ചാരികള്‍ അതുവഴി എത്തുന്നു. കാഞ്ഞാറില്‍ നിന്നുള്ള റോഡും ടാറിങ് പൂർത്തിയായിട്ടുണ്ട്. ചക്കിക്കാവില്‍ നിന്നും ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗം ടാറിങ് നടത്താതെ ദീർഘകാലം കിടന്നിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് ശേഷമാണ് ആഭാഗം ടാറിങ് പൂർത്തിയാക്കിയത്. സഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല. ഇലവീഴാപൂഞ്ചിറ വ്യൂ പോയന്‍റിന്‍റെ 800 മീറ്റർ താഴെ വരെ നല്ല റോഡുണ്ട്. അവിടെ നിന്നും വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പിലാണ് മുകളിലെത്തിക്കുന്നത്. ഈ 800 മീറ്റർ ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങളായാണ് കിടക്കുന്നത്. ജീപ്പ് കടന്നുപോകുമ്പോൾ പ്രദേശമാകെ പൊടി നിറയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments