തിരുവനന്തപുരം: തലസ്ഥാനത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് ഇ.പി. ജയരാജൻ. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ് ജയരാജൻ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമുള്ള ആദ്യ സെക്രട്ടേറിയേറ്റ് യോഗമാണിത്.
ആഗസ്റ്റ് 30 വെള്ളിയാഴ്ച ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റി ടി.പി. രാമകൃഷ്ണനെ തിരഞ്ഞെടുത്തത്. യോഗതീരുമാനങ്ങൾക്കിടെ ഇ.പി. ജയരാജൻ കണ്ണൂരിലേക്കു മടങ്ങിയിരുന്നു.
കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയതിനെക്കുറിച്ച് ഇതുവരെയും ജയരാജൻ പ്രതികരിച്ചിട്ടില്ല. നിലവിൽ, കണ്ണൂരിലെ വീട്ടിലാണ് അദ്ദേഹമുള്ളത്.
ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതും ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയവും വൈദേകം റിസോർട്ട് അഴിമതി ആരോപണവുമെല്ലാം ഇപി ജയരാജന് പാരയായി എന്ന് വേണം കണക്കാക്കാൻ. എന്നാൽ പിണറായിയുടെ പിടിയിൽ അകപ്പെട്ട പാർട്ടിയിൽ നിന്ന് വിമത സ്വരങ്ങളെ പതിയെ പുറത്തേക്ക് തള്ളുന്നതാണ് എന്ന വിമർശനവും ഉയർന്നിരുന്നു.