KeralaNews

മന്ത്രി വീണ മാലയിട്ട് സ്വീകരിച്ചത് എസ്എഫ്‌ഐക്കാരെ കൊല്ലാന്‍ ശ്രമിച്ച സുധീഷിനെയും! കാപ്പ, കഞ്ചാവ്, വധക്കേസ് പ്രതികള്‍ സിപിഎമ്മിന്റെ മുഖങ്ങളാകുന്നു

പത്തനംതിട്ടയിലെ സിപിഎം നേതാക്കളും മന്ത്രി വീണ ജോര്‍ജ്ജും പാര്‍ട്ടിയിലേക്ക് മാലയിട്ടും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചവരുടെ കൂടുതല്‍ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നു. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള 62 പേര്‍ക്കാണ് സിപിഎം പാര്‍ട്ടി അംഗത്വം നല്‍കിയത്. ഇക്കൂട്ടത്തിലാണ് എസ്.എഫ്.ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി സുധീഷുമുള്ളത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പക്ഷേ, മന്ത്രി പങ്കെടുത്ത പൊതുചടങ്ങില്‍ മറ്റ് ക്രിമിനലുകളോടൊപ്പം ഇയാളും ഉണ്ടായിരുന്നു.

സിപിഎമ്മില്‍ എത്തിയവരില്‍ ഒരാളായ യദുകൃഷ്ണന്‍ കഞ്ചാവുമായി പിടിയിലായ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ പുതിയ വിവാദം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാദികളായ കൊലക്കേസില്‍ പെട്ട സുധീഷുമായി ഒത്തുതീര്‍പ്പിലെത്തുമെന്നാണ് ഇപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറി പറയുന്നത്. ചെങ്കൊടി ഏന്തിയപ്പോള്‍ യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലമെല്ലാം മാറിയെന്നായിരുന്നു മന്ത്രി വീണ ജോര്‍ജ്ജ് മുന്‍പ് വിശദീകരിച്ചത്. തെറ്റുതിരുത്തല്‍ നടപടി തുടങ്ങിയ പാര്‍ട്ടിയില്‍ ക്രിമിനലുകളുടെ കൂട്ടമായുള്ള അംഗത്വമെടുക്കല്‍ സിപിഎമ്മില്‍ തന്നെ വിവാദമാകുകയാണ്.

2023 നവംബറിലെ വധശ്രമക്കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തു. എന്നാല്‍, നാലാം പ്രതി സുധീഷ് ഒളിവിലെന്നാണ് പത്തനംതിട്ട പൊലീസ് പറയുന്നത്. ശരണ്‍ ചന്ദ്രനൊപ്പം സുധീഷിനെ രക്തഹാരം അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

സിപിഎമ്മില്‍ എത്തിയവരില്‍ ഒരാളായ യദുകൃഷ്ണന്‍ കഞ്ചാവുമായി പിടിയിലായ സംഭവത്തി പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം പരസ്യമായി ന്യായികരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. കഞ്ചാവുമായി എക്സൈസ് പിടികൂടിയ യദുവിനെ കേസില്‍ കുടുക്കിയതാണെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി.സഞ്ജു ആരോപിച്ചിരുന്നു. യുവമോര്‍ച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥനാണ് കേസിനു പിന്നിലെന്നും മലയാലപ്പുഴ പഞ്ചായത്തിലെ 62 ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയതു മുതല്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നുമായിരുന്നു ഏരിയ സെക്രട്ടറിയുടെ ന്യായീകരണം. ഇത്തരം വിശദീകരണങ്ങള്‍ക്കിടയിലാണ് വധശ്രമക്കേസില്‍ ഒളിവിലിരിക്കുന്ന പ്രതിയേയും സിപിഎമ്മിലേക്ക് ആനയിച്ച് കൊണ്ടുവന്നു എന്ന ആക്ഷേപം ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *