തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഓണം പ്രമാണിച്ചുള്ള ബോണസ് – ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത എൽ ഡി എഫ് സർക്കാരിൻറെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ.
കെ കരുണാകരൻ്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ ബോണസ് നൽകിയിരുന്നത് ഒരു മാസത്തെ ശമ്പളം. എന്നാൽ ഇന്ന് തൊഴിലാളി സർക്കാർ നൽകുന്നത് ദിവസക്കൂലി കണക്കാക്കി. സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്ക് നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നതാണ് അവസ്ഥ.
ഒരു മാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല.
കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്.
തൊഴിലാളി അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണകൂടത്തിൻറെ ചിന്തയെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും പറഞ്ഞു.