News

ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയിൽ, ഏഴായിരം കോടി സ്ഥിര നിക്ഷേപം

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് അതിസമ്പന്ന ഗ്രാമം. മധാപർ എന്ന ഗ്രാമമാണ് സമ്പന്നത കൊണ്ട് പ്രശസ്തമായിരിക്കുന്നത്. ഗ്രാമത്തിലെ ആളുകളുടെ സ്ഥിര നിക്ഷേപം മാത്രം ഏതാണ്ട് 7,000 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെ ഇവിടെ ഒരു ബ്രാഞ്ച് തുറക്കാൻ പ്രമുഖ ബാങ്കുകളുടെ തിരക്കാണ്.

നിലവിൽ ഈ ഗ്രാമത്തിൽ 17 ബാങ്കുകളാണുള്ളത്. പ്രമുഖ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, പി.എൻ.ബി, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവയ്ക്കെല്ലാം ഇവിടെ ബ്രാഞ്ചുകളുണ്ട്. ഒരു ഗ്രാമത്തിൽ മാത്രം ഇത്രയും ബാങ്കുകൾ കാണപ്പെടുന്നത് അപൂർവമാണ്.

ഒരു ചെറിയ ഗ്രാമത്തിന് വലിയ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിൻറെ ഉത്തരം വളരെ സിമ്പിളാണ് ഈ നാട്ടിലെ ആളുകൾക്ക് അവരുടെ നാടിനോടുള്ള സ്നേഹമാണ് ഈ സമ്പന്നതയുടെ മൂല കാരണം.

പട്ടേൽ സമുദായക്കാരാണ് കൂടുതലായും ഇവിടെ താമസിക്കുന്നത്. ഇവിടെ നിന്ന് വിദേശത്തു പോയി ബിസിനസ് ചെയ്യുന്നവരാണ് കൂടുതലും. മധാപർ എന്ന പ്രദേശത്ത് ഏകദേശം 20,000 വീടുകളാണുള്ളത്. ഈ ഗ്രാമത്തിലെ ഏകദേശം 1,200 കുടുംബങ്ങളും വിദേശത്താണ്. ഇത്തരം കുടുംബങ്ങൾ തങ്ങളുടെ ഗ്രാമത്തിലെ ബാങ്കുകളിലും, പോസ്റ്റോഫീസുകളിലുമായി കോടിക്കണക്കിന് രൂപയാണ് എല്ലാ വർഷവും നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.

2011 വർഷത്തിൽ ഇവിടത്തെ ജനസംഖ്യ 17,000 മാത്രമായിരുന്നത് ഇപ്പോൾ ഏകദേശം 32,000 എന്ന തോതിൽ ഉയർന്നിട്ടുണ്ട്. കൂടുതലായും ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇവിടത്തുകാർ താമസമാക്കിയിരിക്കുന്നത്. മധ്യ ആഫ്രിക്കയിലെ നിർമാണ മേഖലയിൽ ഗുജറാത്തികൾക്കാണ് വലിയ ആധിപത്യമുള്ളത്. ഈ ഗ്രാമത്തിലുള്ളവരിലും നല്ലൊരു പങ്കും ആഫ്രിക്കൻ രാജ്യങ്ങളിലെ കൺസ്ട്രക്ഷൻ ബിസിനസിലാണ് ഏർപ്പെട്ടിരിക്കുന്നത്. പലരും യു.കെ, ആസ്ട്രേലിയ, അമേരിക്ക, ന്യുസിലാൻഡ് എന്നിവിടങ്ങളിലും താമസമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *