അൻവറിനെ സംഘടനാ മര്യാദ പഠിപ്പിക്കാനാവില്ല, പി. ശശിയെ സംരക്ഷിച്ച് എം.വി. ഗോവിന്ദൻ

പി വി അൻവർ പാർട്ടി അംഗം അല്ലാത്തതിനാൽ സംഘടനാ മര്യാദ പഠിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

pv anvar p sasi mv govindan

തിരുവനന്തപുരം: അൻവർ നൽകിയ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചെന്നും നടപടി എടുക്കേണ്ടത് ഭരണ തലത്തിലാണെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി വി അൻവർ പാർട്ടി അംഗം അല്ലാത്തതിനാൽ സംഘടനാ മര്യാദ പഠിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ പി. ശശിക്ക് എതിരെ ആരോപണങ്ങൾ ഇല്ലെന്നും, അതിനാൽ പാർട്ടി തലത്തിൽ അന്വേഷണമോ നടപടിയോ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അൻവർ പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

അൻവർ ഉയർത്തിയ പരാതി ഉദ്യോഗസ്ഥ വീഴ്ചയാണ്. ഇത് അന്വേഷിക്കേണ്ടത് ഭരണ തലത്തിലാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അൻവറിൻറെ പരാതിയിൽ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അൻവർ പരാതി നൽകിയിട്ടില്ലെന്നാണ് എം വി ഗോവിന്ദൻറെ ന്യായീകരണം. അതിനാൽ നടപടിയും ഉണ്ടാവില്ല. ടി.വി. യിൽ അൻവർ എന്തെങ്കിലും പറഞ്ഞാൽ അതിൻറെ പേരിൽ നടപടി എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.പി. ജയരാജനെതിരെയും നടപടി ഒന്നും എടുത്തിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. അദ്ദേഹം ഇപ്പോഴും കേന്ദ്ര കമ്മിറ്റി അംഗമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. എന്നാൽ ഇന്ന് നടന്ന പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് ഇ പി ജയരാജൻ വിട്ടുനിന്നിരുന്നു.

അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട് ലഭിക്കുന്ന ഘട്ടത്തിൽ ഉയർന്നു വരുന്ന കാര്യങ്ങളിൽ പാർട്ടിതലത്തിൽ പരിശോധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ നോക്കാമെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.

മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരെ വിമർശനം ഉന്നയിച്ച മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് വിരുദ്ധത അങ്ങേയറ്റം വരെ കൊണ്ടുപോയി അതിൻറെ ഭാഗമായി അൻവറിനെ എങ്ങനെ ഉപയോഗിക്കാനാകുക എന്നുള്ളതാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ ബി.ജെ.പിയുമായി സി.പി.എമ്മിന് യാതൊരു സഹകരണവും ഇല്ലായിരുന്നെന്നും അതിന് എഡിജിപിയെ ഉപയോഗിച്ച് ചർച്ച നടത്തേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments