തിരുവനന്തപുരം : ഓണക്കാത്ത് സബ്‌സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. അരിയടക്കമുള്ള സാധനങ്ങളുടെ വിലയാണ് സപ്ലൈകോ വർധിപ്പിച്ചിരിക്കുന്നത്. രണ്ട് മുതൽ ആറ് രൂപ വരെയാണ് സാധനങ്ങൾക്ക് സപ്ലൈകോ വില കൂട്ടിയിരിക്കുന്നത്.
അതേസമയം, സംസ്ഥാന വ്യാപകമായി ഓണം ഫെയറുകൾ ഇന്ന് ആരംഭിക്കുകയാണ്. ഇതിനിടെയുള്ള സപ്ലൈകോയുടെ വില വർധന ആളുകളെ കൊള്ളയടിക്കുന്നതിന്റെ ഭാഗമാണ്. സബ്‌സിഡി സാധനങ്ങളായ കുറുവ അരിയ്ക്ക് 30 രൂപയായിരുന്നു കിലോയ്ക്ക് വില. എന്നാൽ ഇപ്പോൾ മൂന്ന് രൂപ വർധിപ്പിച്ചിരിക്കുകയാണ്. ഇനി മുതൽ 33 രൂപയാണ് ഒരു കിലോ കുറുവ അരിയ്ക്ക് നൽകേണ്ടിവരുക. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കി. സമാന രീതിയിൽ മുഴുവൻ സാധനങ്ങൾക്കും വില കൂടിയിട്ടുണ്ട്.
സപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് നേരത്തെ തന്നെ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കേരളീയരുടെ ഓണോഘോഷങ്ങൾക്ക് നാളെ മുതലാണ് തുടക്കം ആകുക. ഉപ്പ് തൊട്ട് കർപ്പൂരം വരെ വലിയ വിലയുള്ളതിനാൽ സപ്ലൈകോയിൽ നിന്നും സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങളാണ് സാധാരണക്കാരുടെ ആശ്രയം. എന്നാൽ അതിനും ഇപ്പോൾ വില കൂട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് സർക്കാർ.