പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ യുപിയിലെ കുടുംബ സ്വത്ത് ലേലത്തിന് വെച്ചു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഹെക്ടർ ഭൂമിയും ജീർണ്ണിച്ച മാളികയുമാണ് ഓൺലൈനായി ലേലത്തിന് വെച്ചിരിക്കുന്നത്.
കൊട്ടാന ഗ്രാമത്തിലാണ് പർവേസ് മുഷറഫിൻ്റെ അച്ഛൻ മുഷറഫുദ്ദീനും അമ്മ ബീഗം സറീനും വിവാഹത്തിന് ശേഷം താമസിച്ചിരുന്നത്. 1943 ൽ ഇവർ ഡൽഹിയിലേക്ക് പോയി. പിന്നീട് വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറുകയും ചെയ്തു. പർവേസ് മുഷറഫിൻ്റെ സഹോദരൻ ഡോ. ജാവേദ് മുഷറഫിൻ്റെ പേരിലാണ് കൊട്ടാനയിലെ വസ്തുവകകൾ. 15 വർഷം മുമ്പ് ഇവ ശത്രു സ്വത്തിലേക്ക് സർക്കാർ ഉൾപ്പെടുത്തി.
കേന്ദ്രസർക്കാരിൻ്റെ് എനിമി പ്രോപ്പർട്ടി കസ്റ്റോഡിയൻ ഓഫീസാണ് കൊട്ടാനയിലെ സ്വത്ത് ലേലം ചെയ്യുന്നത്. വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയവർ ഇന്ത്യയിൽ ഉപേക്ഷിച്ച സ്വത്താണ് എനിമി പ്രോപ്പർട്ടി എന്നറിയപ്പെടുന്നത്.
ഓൺലൈൻ ലേലമാണെങ്കിലും ഭൂമി കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ആളുകൾ കൊട്ടാനയിലെത്തുന്നുണ്ട്. യുപിക്ക് പുറമെ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഭൂമിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.2023 ഫെബ്രുവരി 5 നാണ് പർവേസ് മുഷറഫ് മരണപ്പെട്ടത്. ഈ ഭൂമി ലേലം ചെയ്യുന്നതോടെ പർവേസ് മുഷറഫിൻ്റെ കുടുംബത്തിൻ്റെയും അവസാന വേരും യുപിയിൽ നിന്ന് ഇല്ലാതാകും.