പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്നാൽ നല്ല ശമ്പളവും കിട്ടും. ഇങ്ങനെ ഒരു വകുപ്പ് കേരളത്തിൽ ഉണ്ടോയെന്ന് ആരെങ്കിലും സംശയം ചോദിച്ചാൽ ഉറപ്പായും പറയാം അങ്ങനൊരു വകുപ്പുണ്ട്. നമ്മുടെ പ്രീയ മുഖ്യമന്ത്രി പിണറായി വിജയനാണ് ആ വകുപ്പിൻ്റെ നാഥൻ. വകുപ്പിന്റെ പേര് പറഞ്ഞാൽ നിങ്ങൾ എല്ലാവരും അറിയും. പി.ആർ. ഡി അഥവാ പബ്ളിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ്. സർക്കാരിൻ്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു പി.ആർ. ഡിയുടെ പ്രധാന ജോലി. പിണറായിക്ക് മുമ്പുള്ള മുഖ്യമന്ത്രിമാരുടെ കാലഘട്ടത്തിൽ പി.ആർ. ഡിക്ക് സ്വർണ്ണതിളക്കമായിരുന്നു ഉണ്ടായിരുന്നത്. അതായത്, ചുരുക്കത്തിൽ പറഞ്ഞാൽ വകുപ്പുകൾക്കിടയിൽ പൂണൂൽ ഇട്ട ബ്രാഹ്മണനായിരുന്നു പി ആർ ഡി എന്ന് തന്നെ പറയാം. എന്നാൽ ഇന്ന് കാലം മാറി കഥ മാറി. പിണറായി 2016 ൽ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായതോടെ പിണറായി വിജയൻ പി.ആർ.ഡിയുടെ പൂണൂൽ എടുത്ത് മാറ്റുകയും ചെയ്തു. ഇപ്പോൾ പോസ്റ്റ്മാൻ്റെ ജോലി മാത്രമാണ് പി.ആർ.ഡിക്ക് ഉള്ളതെന്ന് വേണമെങ്കിൽ പറയാം.
ഇപ്പോൾ പ്രചരണ പ്രവർത്തനങ്ങൾക്ക് പിണറായിക്ക് പ്രിയം, മൈത്രി പരസ്യ കമ്പനിയെ ആണ്. എൻ.ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം പിണറായിക്കും സംഘത്തിനും 2016 ലെ തെരഞ്ഞെടുപ്പിന് നൽകിയത് മൈത്രി ആയിരുന്നു. എന്നാൽ, എല്ലാം ശരിയായത് പിണറായിക്ക് മാത്രം എന്നതാണ് ചരിത്രം. 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ വകുപ്പുകളിലെ പരസ്യങ്ങൾ എല്ലാം മൈത്രിക്ക് നൽകുകയായിരുന്നു. ഓരോ വകുപ്പിൽ നിന്നും കോടി കണക്കിന് രൂപയാണ് മൈത്രിക്ക് പരസ്യം ചെയ്ത വകയിൽ കിട്ടിയത്. എന്തിനേറെ പറയുന്നു പരസ്യങ്ങൾ വിവിധ മാഗസിന് കൊടുക്കുന്നത് പോലും മൈത്രിയായി.
കഴിഞ്ഞ ദിവസം അതായത് സെപ്റ്റംബർ 1 ന് ടൂറിസം വകുപ്പിൽ നിന്ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 2024 ലെ ഓണ പരസ്യം വിവിധ മാഗസിനുകൾക്ക് മൈത്രി വഴി നൽകിയതിൻ്റെ പരസ്യ ചെലവ് മാത്രം 12.46 ലക്ഷമാണ്. ഈ തുക മൈത്രിക്ക് അനുവദിച്ച് ഉത്തരവും ഇറങ്ങിയിട്ടുണ്ട്. അതേസമയം, ഏത് മാഗസിൻ ചോദിച്ചാലും മൈത്രി പരസ്യം നൽകും. ഇത്തരത്തിൽ വനിതക്ക് ഫുൾ പേജ് ഓണപരസ്യം നൽകിയത് 2.85 ലക്ഷത്തിനാണ്. കൂടാതെ ഗൃഹലഷ്മിക്ക് 1.60 ലക്ഷത്തിനും. ദേശാഭിമാനി വീക്കിലിക്ക് 50000 രൂപയാണ് നൽകിയത്. ഇങ്ങനെ തുടങ്ങി 18 ഓളം വീക്കിലികൾക്ക് 25000 രൂപ മുതൽ 2.85 ലക്ഷം രൂപ വരെ ഓണപരസ്യം നൽകി എന്ന് ഉത്തരവ് വ്യക്തമാക്കുന്നു. എന്തായാലൂം, മുൻകാലങ്ങളിൽ പി.ആർ. ഡി ചെയ്യുന്ന ജോലി മൈത്രി ഇപ്പോൾ ചെയ്യുന്നു. അതുകൊണ്ട് തന്നെ പിണറായി കാലത്ത് താരം മറ്റാരുമല്ല മൈത്രിയാണ് എന്ന് നിസംശയം തന്നെ പറയാം.