കൊച്ചി: നടൻ നിവിൻ പോളിക്ക് എതിരായ ലൈംഗിക ആരോപണം ഞെട്ടലോടെ ആണ് കേരളം കേട്ടത്. സംഭവത്തില്‍ അന്ന് തന്നെ നിവിൻ വാർത്ത സമ്മേളനം നടത്തി സംഭവം നിഷേധിക്കുകയും നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തൻെറ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം പറയുന്നു.
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിൻെറ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് അതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു. വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. എറണാകുളം ഊന്നുകല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിൻ.
നിലവില്‍ ഊന്നുകല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതല്‍ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബായിയില്‍ കൊണ്ടുപോയി ജ്യൂസില്‍ മയക്കുമരുന്ന് ചേർത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്. എന്നാല്‍ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയില്‍ തൻെറ കൈവശം തെളിവുകള്‍ ഒന്നുമില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു നിവിൻ പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ അറിയിച്ചിരുന്നു.