കൊച്ചി: ഓണക്കാലത്ത് സർക്കാർ വിലക്കയറ്റത്തിന് സാഹചര്യം ഒരുക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വില കൂട്ടി വിപണി ഇടപെടല്‍ നടത്തുന്നൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും ജനങ്ങളോടുള്ള ക്രൂരത ആണിതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കേണ്ട സപ്ലൈക്കോ വില വർധനയ്ക്ക് കാരണം ആകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഓണച്ചന്ത തുടങ്ങുമ്പോള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാതതാണ്. ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് വേണ്ടിയുള്ള വിപണി ഇടപെടലിൻറെ ഭാഗമായാണ് സപ്ലൈകോ ഓണച്ചന്തകള്‍ തുടങ്ങുന്നത്. വിലക്കയറ്റം നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു കൊണ്ട് ഓണച്ചന്ത തുടങ്ങുന്നത് കേരളത്തില്‍ ആദ്യമായാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലയുടെ കാര്യം നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെ എന്നാണ് മന്ത്രിയുടെ വാദം, ഇത് വിചിത്രമാണ്. ഓണക്കാലത്ത് വില വര്‍ധിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ദയനീയമായ സ്ഥിതിയാണ് കേരളത്തിലുള്ളത്.
ഇതിനിടയിൽ ഭരണത്തിൻറെ മറവില്‍ കൊള്ളയും കൊലപാതകങ്ങളും സ്വര്‍ണം പൊട്ടിക്കലും ഉള്‍പ്പെടെയുള്ള കുത്സിത പ്രവര്‍ത്തികളും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.