NewsPolitics

ഗൗരി ലങ്കേഷ്: ഹിന്ദുത്വ വെടിയാലും നിശബ്ദമാക്കാനാകാത്ത സത്യത്തിന്റെ അഗ്നിജ്വാല, ധീര രക്തസാക്ഷിത്വത്തിന് ഇന്ന് ഏഴാണ്ട്

ഹിന്ദുത്വ തീവ്രവാദികളുടെ മൂന്ന് വെടിയുണ്ടകളാല്‍ ചേതനയറ്റ നിര്‍ഭയ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഏഴാണ്ട് തികയുകയാണ്. 2017 സെപ്റ്റംബര്‍ 5ന് രാത്രി എട്ടോടെയാണ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് വീണത്. വിദ്വേഷത്തിനും വര്‍ഗീയതയ്ക്കുമെതിരെ സംസാരിച്ചതിനും എഴുതിയതിനും, ഭരണകൂടം പുറമ്പോക്കിലേക്ക് തള്ളിയവര്‍ക്ക് വേണ്ടി നിലകൊണ്ടതിനും ഹിന്ദുത്വ തീവ്രവാദികള്‍ വിധിച്ച ശിക്ഷയായിരുന്നു അത്.

ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വീടിനു മുമ്പില്‍വെച്ചാണ് ബൈക്കിലെത്തിയ രണ്ട് വര്‍ഗീയ ഭീകരര്‍ വെടിവെച്ചിട്ടത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ‘ഐ ആം ഗൗരി’ എന്ന പോസ്റ്ററുകള്‍ രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും നിറഞ്ഞു. ഗൗരി ലങ്കേഷ് ഹിന്ദുത്വത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും ജാതീയതയ്ക്കും എതിരെ നിരന്തരം എഴുതിയ മാധ്യമ പ്രവര്‍ത്തകയായിരുന്നുവെന്നത് തന്നെയായിരുന്നു ഇതിന് കാരണം.
ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. മതത്തെ സംരക്ഷിക്കാനായിരുന്നു കൊല നടത്തിയെതന്നാണ് ഗൗരിക്ക് നേരെ വെടി വെച്ച പരശു റാം വാഗ്മോർ പറഞ്ഞത്. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. ഇതുവരെ ആകെ സാക്ഷികളുടെ 17 ശതമാനം പേരെ മാത്രമാണ് വിസ്തരിച്ചത്.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയായിരുന്നു ഗൗരി തന്റെ കര്‍മ്മപഥം ആരംഭിക്കുന്നത്. പിന്നീട് സണ്‍ഡേ മാഗസിന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ജോലി ചെയ്തു.

2008ല്‍ ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ അഴിമതി വാര്‍ത്തയെ തുടര്‍ന്ന് പ്രഹ്ലാദ് ജോഷിയും ഉമേഷ് ദൂഷിയും ഗൗരിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഏറെക്കാലം നീണ്ടുനിന്ന കേസിനൊടുവില്‍ ആറുമാസം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. വിധി വന്ന അന്നുതന്നെ കേസില്‍ ജാമ്യം നേടിയ ഗൗരി ലങ്കേഷ് പറഞ്ഞത് എന്റെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഈ കേസ് ഗുണം ചെയ്തുവെന്നാണ്.

ഫാസിസത്തിന്റെ തോക്കിന്‍ കുഴല്‍ തുപ്പിയ വെടിയുണ്ടകളില്‍ ഗൗരി നിശ്ചലമായപ്പോള്‍, 80ലേറെ കേസുകളായിരുന്നു ആ ധീര വനിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. തീവ്ര ഹിന്ദുത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ സമരസപ്പെടാത്ത സമീപനമായിരുന്നു ഗൗരിയുടേത്. തത്വചിന്തകനായിരുന്ന ബസവണ്ണയെയും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്ന ലിംഗായത്ത് സമുദായവും ഹിന്ദുക്കളല്ലെന്നും, പ്രത്യേക മതത്തിനായുള്ള ലിംഗായത്തുകളുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണെന്നും ഗൗരി തന്റെ തൂലികയിലൂടെ ഐക്യദാര്‍ഢ്യം നല്‍കി.
2013 ല്‍ കൊല്ലപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോൽക്കറെയും 2015ല്‍ കൊല്ലപ്പെട്ട സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരയേയും എംഎം കൽബുർഗിയേയും കൊലപ്പെടുത്തിയ അതേ തോക്കില്‍ നിന്ന് തന്നെ ആയിരുന്നു ഗൗരിയ്ക്ക് നേരെയും നിറയൊഴിച്ചത്. ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ക്കൂട്ടക്കൊലയും കലാപവും എവിടെ എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന അനുഭവ തെളിച്ചത്തിലാണ് ഗൗരി ലങ്കേഷിന്റെ ഏഴാം രക്തസാക്ഷിത്വ ദിനം കടന്നു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *