കഴിഞ്ഞ ദിവസമാണ് പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നത്. സിനിമ രംഗത്തുള്ളവരും സാഹിത്യ രംഗത്തുള്ളവരും പ്രതേകിച്ച് അധികാരത്തിൽ ഇരിക്കുമ്പോൾ ചേക്കേറുന്നത് പുതിയ സംഭവമൊന്നുമല്ല. ഒരുകാലത്ത് കേരളത്തിലെ സിനിമാക്കാരും സാഹിത്യകാരന്മാരും ബിജെപിയോട് ഒരു അകലം പാലിച്ചിരുന്നുവെങ്കിലും പ്രശസ്തരായ ആളുകളും ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ആദ്യകാല വ്യക്തികളാണ് എൻ.എൽ ബാലകൃഷ്ണനും ഭരത് ഗോപിയും. ഇവർ ബിജെപിയിലേക്ക് ചേക്കേറാനുള്ള കാരണവും എൻ എൽ ബാലകൃഷ്‌ണൻ തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അത് ഇങ്ങനെയാണ്…
തനിക്കൊരു രാഷ്ട്രീയവുമില്ലെന്നും എന്നാൽ മുൻപൊരിക്കൽ അപ്പക്കഷണത്തിനു വേണ്ടി ബിജെപിയിൽ ചേർന്നിരുന്നുവെന്നാണ് എൻ എൽ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പിൽ പറയുന്നത്. കൂടാതെ, അന്ന് വാജ്‌പേയി സർക്കാർ അധികാരത്തിൽ കേറിയിരുന്നുവെങ്കിൽ തനിക്കും അപ്പക്കഷ്ണം കിട്ടുമായിരുന്നുവെന്ന് എൻ എൽ ബാലകൃഷ്‌ണൻ പറയുന്നു. ഉത്തം കുമാർ എന്നയാൾ വഴിയാണ് ബിജെപിയിൽ എത്തുന്നത്. ബിജെപിയിൽ ചേരുന്നതിനായി നിരവധി മോഹന വാഗ്ദാനങ്ങൾ ഉത്തം കുമാർ പറഞ്ഞുവെങ്കിലും എൻ.എൽ ബാലകൃഷ്ണനും ഭരത് ഗോപിയും ചില ആവശ്യങ്ങൾ ഉത്തം കുമാറിന് മുന്നിൽ വയ്ക്കുകയായിരുന്നു. മാസം അൻപതിനായിരം വച്ച് ഫെല്ലോഷിപ് തരണമെന്നും ഒരു സിനിമ സംവിധാനം ചെയ്യാനായി എൻ എഫ് ഡി സിയിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി നൽകണമെന്നായിരുന്നു എൻ.എൽ ബാല കൃഷ്‌ണൻ ആവശ്യപ്പെട്ടത്.
എന്നാൽ സംഗീത നാടക അക്കാദമി ചെയർമാനായി പാർട്ട് ടൈം നിയമിക്കണമെന്നും പോയി വരാൻ വിമാന ടിക്കറ്റും താമസിക്കാൻ സൗകര്യവും പോക്കറ്റ് മണിയും വേണമെന്നാണ് ഭരത് ഗോപി ആവശ്യപ്പെട്ടത്. ഇവരോടൊപ്പം ഗാനരചയിതാവ് ബിച്ചു തിരുമല ഉണ്ടായിരുന്നുവെങ്കിലും എല്ലാ പാർട്ടിക്കും വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനാൽ ബിജെപിയിലേക്കുള്ള ക്ഷണം ബിച്ചു തിരുമല നിരസിച്ചു.
ഇതിനു മറുപടിയായി വാജ്‌പേയി സർക്കാർ അധികാരത്തിൽ വന്നാൽ ഇതെല്ലാം സാധിച്ചുതരും എന്നായിരുന്നു ഉത്തം കുമാർ മറുപടി നൽകിയത്. ഇത് വിശ്വസിച്ച് എൻ.എൽ ബാലകൃഷ്ണനും ഭരത് ഗോപിയും വെങ്കയ്യ നായിഡുവിൽ നിന്ന് പാർട്ടി മെമ്പർഷിപ്പ് സ്വീകരിക്കുകയൂം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആ തെരഞ്ഞെടുപ്പിൽ വാജ്‌പേയി സർക്കാർ അധികാരത്തിൽ എത്താത്തതിനാൽ എൻ.എൽ ബാലകൃഷ്ണന്റെയും ഭരത് ഗോപിയുടെയും ആഗ്രഹങ്ങൾ സഫലമായില്ല. അതിനാൽ തന്നെ എല്ലാവരും ഇതുപോലെ ചില അപ്പക്കഷ്ണത്തിന് വേണ്ടിയാണു പാർട്ടിയിൽ നിലകൊള്ളുന്നതെന്നാണ് എൻ.എൽ ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.
എന്തായാലും, ഓര്മക്കുറിപ്പിലെ ഈ വെളിപ്പെടുത്തൽ സമീപകാല സംഭവങ്ങളുമായി ചേർത്ത് വയ്ക്കുമ്പോൾ അതിനെ ശരിവയ്ക്കുന്നതാണ്. കാരണം തങ്ങളുടെ പാർട്ടിയിൽ നിന്നും എന്തെങ്കിലും അവഗണനകൾ വരുമ്പോഴാണ് ഇന്ന് പല നേതാക്കളും തങ്ങളുടെ പാർട്ടി വിട്ട് മറ്റു പാർട്ടിയിലേക്ക് ചേക്കേറുന്നത്. അതും ചില അപ്പ കഷ്ണങ്ങൾക്ക് വേണ്ടി. അത് തന്നെയാണ് ഇപ്പോൾ ബിജെപിയിലേക്ക് നേതാക്കന്മാർ ഉൾപ്പെടെ ഒഴുകിയെത്താനുള്ള കാരണവും. ചില അപ്പക്കഷ്ണങ്ങൾ അതായത് ചില മോഹനവാഗ്ദാനങ്ങൾ തങ്ങൾക്ക് മുന്നിൽ ബിജെപിൽ നീട്ടുമ്പോൾ അതിപ്പോൾ എ കെ ആന്റണിയുടെ മകനായതും കെ കരുണാകരന്റെ മകളായാലും ബിജെപിയിൽ ചേർന്നിരിക്കും.